നെൽക്കർഷകർക്ക്‌ ഇരുപത്തഞ്ചിനകം തുക നൽകണം: ഹൈക്കോടതി



കൊച്ചി> നെല്ല്‌ സംഭരിച്ചതിൽ കർഷകർക്കുള്ള തുക ഇരുപത്തഞ്ചിനകം നൽകണമെന്ന്‌ ഹൈക്കോടതി. ഇല്ലെങ്കിൽ കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയും സപ്ലൈകോ എംഡി  ശ്രീറാം വെങ്കിട്ടരാമനും നേരിട്ട്‌ ഹാജരാകണമെന്നും നിർദേശിച്ചു. തുക ഒരാഴ്‌ചയ്‌ക്കകം കൈമാറണമെന്ന കോടതി ഉത്തരവ്‌ പാലിച്ചില്ലെന്ന്‌ ആരോപിച്ച്‌ കൊല്ലങ്കോട്‌ സ്വദേശി സദാശിവൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണന്റെ ഉത്തരവ്‌. കോടതി ഉത്തരവുകൾ പാലിക്കാത്തതിൽ ജസ്‌റ്റിസ്‌ രാജാ വിജയരാഘവനും അതൃപ്‌തി അറിയിച്ചു. പാലക്കാട് നെന്മേനി പാടശേഖര നെല്ലുൽപ്പാദകസമിതി അടക്കമുള്ളവർ നൽകിയ സമാനഹർജികൾ പരിഗണിച്ചു. പണം  നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും 11ന് ഇക്കാര്യത്തിൽ മറുപടി നൽകാമെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജികൾ 11ന് പരിഗണിക്കാൻ മാറ്റി. Read on deshabhimani.com

Related News