കോഴിക്കോട് പഠനം വീണ്ടും ഓൺലൈനിൽ

ഉടയില്ല പഠനം... നിപാ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം ആരംഭിച്ചതോടെ കോഴിക്കോട് ചുങ്കത്ത് മൺപാത്രക്കച്ചവടം ചെയ്യുന്ന അച്ഛനും അമ്മയ്ക്കും ഒപ്പമിരുന്ന് ഫോണിൽ നോക്കി പഠിക്കുന്ന വെസ്റ്റ് ഹിൽ ജിയുപി സ്കൂളിലെ നാലാം ക്ലാസുകാരി അർച്ചന. ഫോട്ടോ: ബിനുരാജ്


കോഴിക്കോട് > ഒരിടവേളക്ക്‌ശേഷം വീണ്ടും ഓൺലൈനിൽ പാഠങ്ങൾ പഠിച്ച്‌ കുട്ടികൾ. കോവിഡ് കാലത്തെ പഠനാനുഭവങ്ങൾ ഉള്ളതിനാൽ അപരിചിതത്വമില്ലാതെ ആദ്യദിനം തന്നെ ഓൺലൈൻ പഠന കളരിയിലേക്ക്‌ കുട്ടികൾ എളുപ്പം ചേക്കേറി. ജില്ലയിലെ 1300ഓളം സ്കൂളുകളിലെ വിദ്യാർഥികളും തിങ്കളാഴ്‌ച ഓൺലൈൻ പഠനത്തിന്റെ ഭാഗമായി.    നിപാ ബാധയെ തുടർന്ന്‌  ജില്ലയിൽ സ്കൂൾ അടച്ചതോടെയാണ് വിദ്യാഭാസ വകുപ്പ് ഓൺലൈൻ പഠനം ഏർപ്പെടുത്തിയത്. തിങ്കൾ വൈകിട്ട് ചേർന്ന എഇഒമാരുടെ യോഗത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ജി സ്യൂട്ട് സോഫ്റ്റ്‌വെയർ വഴിയാണ് ഭൂരിഭാഗം സ്കൂളിലും പഠനം നടന്നത്.  ഈ പ്ലാറ്റ്ഫോമിൽ മറ്റാർക്കും അനധികൃതമായി കയറാൻ ആവില്ല എന്നതാണ് പ്രത്യേകത. പൂർണതോതിൽ ഇതുപയോഗിക്കുന്ന ആദ്യ ജില്ല കോഴിക്കോടാണ്. ജി സ്യൂട്ട്‌ ലഭിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ട സ്കൂളുകൾ സൂം, ടീച്ചർ മിന്റ്‌, ഗൂഗിൾ മീറ്റ് സൗകര്യങ്ങൾ ഉപയോഗിച്ചു.    റെക്കോർഡ്ചെയ്ത ക്ലാസുകളും പഠനത്തിനുപയോഗിച്ച സ്കൂളുകളുണ്ട്. ഒരു ദിവസം ചുരുങ്ങിയത് അഞ്ചുവിഷയം പഠിപ്പിക്കണമെന്ന നിർദേശമാണ്‌ ജില്ലാതലത്തിൽ നൽകിയത്. അതാത് ദിവസത്തെ പഠന പ്രവർത്തനം സംബന്ധിച്ച് എഇഒമാരുടെ ഓൺലൈൻ യോഗം വിളിച്ച്‌ ഡിഡിഇ അവലോകനംചെയ്യും.   Read on deshabhimani.com

Related News