നോർക്ക റൂട്ട്‌സിന് വീണ്ടും ദേശീയാംഗീകാരം; പി ശ്രീരാമകൃഷ്‌ണന് പുരസ്‌കാരം
തിരുവനന്തപുരം > പ്രവാസി പുനരധിവാസ, ക്ഷേമ പദ്ധതികൾ നടപ്പാക്കിവരുന്ന നോർക്ക റൂട്ട്‌സിന് വീണ്ടും ദേശീയാംഗീകാരം. ഡൽഹിയിലെ ഡോ. ബി ആർ അംബേദ്‌കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ബാബാ സാബിബ് ദേശീയ പുരസ്‌കാരത്തിന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണനാണ് പുരസ്‌കാരം. നോർക്ക റൂട്ട്സ് കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ നേതൃമികവിനാണ് പുരസ്‌കാരം. പ്രവാസിക്ഷേമ പദ്ധതികൾ പരിഗണിച്ച് മേയിൽ സ്കോച്ച് അവാർഡ് നോർക്ക റൂട്ട്‌സിനു ലഭിച്ചിരുന്നു. പ്രവാസിക്ഷേമത്തിൽ മികവാർന്ന ഏഴു വർഷമാണ് പിണറായി വിജയൻ സർക്കാർ പിന്നിട്ടതെന്ന് പി ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു. സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസികളുടെ ചൂഷണത്തിൽനിന്ന് കേരളത്തിലെ ഉദ്യോഗാർഥികളെ ഒരുപരിധിവരെ രക്ഷിക്കാനായി. ആയിരത്തോളം സാധാരാണക്കാരായ ഉദ്യോഗാർഥികൾക്ക് വിദേശജോലി എന്ന സ്വപ്നമാണ് നോർക്ക വഴി സ്വന്തമാക്കാനായത്. ആയിരത്തോളം പേർക്ക് വിദേശഭാഷാപഠനത്തിനും അവസരമൊരുക്കി. പന്ത്രണ്ടായിരത്തിലധികം പ്രവാസി സംരംഭൾ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ യാഥാർഥ്യമാക്കാനായെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ കോൺറ്റിറ്റ്യൂഷ്യൻ ക്ലബിൽ നടന്ന ചടങ്ങിൽ രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി ജെ കുര്യനിൽനിന്ന് പി ശ്രീരാമകൃഷ്‌ണന് വേണ്ടി നോർക്ക ജനറൽ മാനേജർ അജിത്ത് കോളശ്ശേരി പുരസ്‌കാരം ഏറ്റുവാങ്ങി. രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്, ഡൽഹിയിലെ എൻആർകെ ഡവലപ്മെന്റ് ഓഫീസർ ജെ ഷാജിമോൻ, റിക്രൂട്ട്മെന്റ് അസി. മാനേജർ ജി ആർ രതീഷ് എന്നിവരും പങ്കെടുത്തു. Read on deshabhimani.com