സഹായ ചില്ലകൾ കൂടൊരുക്കും ചിറകറ്റ ബാല്യത്തിന്‌



  ദ്വാരക വയനാട്‌ സാഹിത്യോത്സവ നഗരിയിലെ ഇടനാഴിയിൽ ഒരു ചിത്രപ്രദർശനവും അരങ്ങേറിയിരുന്നു. മറ്റ്‌ പരിപാടികളിൽനിന്നും ഈ ചിത്രപ്രദർശനത്തെ വേറിട്ടതാക്കുന്നത്‌ ചിത്രങ്ങളുടെ കലാപരമായ മേന്മക്കുപരി   പ്രദർശനം ഒരുക്കിയവരുടെ സന്ദേശമാണ്‌. അഞ്ചുകുന്ന്‌ കൊളത്താറയിലെ   നിരാലംബരായ അഞ്ച്‌ പിഞ്ചുകുട്ടികളുടെ ജീവിതചിത്രം തെളിയുക പ്രദർശനത്തിൽ വിൽക്കപ്പെടുന്ന ഈ ചിത്രങ്ങളിലൂടെ കൂടിയാണ്‌. അച്ഛൻ അമ്മയെ വെട്ടി കൊലപ്പെടുത്തിയതിനെ തുടർന്ന്‌ അനാഥരാക്കപ്പെട്ട  ബാല്യങ്ങളെ സംരക്ഷിക്കാനായി  സിപിഐ എം അഞ്ചുകുന്ന്‌ ലോക്കൽകമ്മിറ്റി ഏറ്റെടുത്ത ദൗത്യത്തിന്റെ തുടർച്ചയായാണ്‌  ചിത്രപ്രദർശനവും വിൽപ്പനയും.     2022 ജൂണിലാണ്‌ കൊളത്താറയിലെ സങ്കേതത്തിലെ സുനിതയെ മദ്യപാനിയായ ഭർത്താവ്‌ കൊലപ്പെടുത്തിയത്‌. ഇയാൾ ജയിലിലാണ്‌. ദാരുണമായ കൊലപാതകം നടക്കുന്ന സമയത്ത്‌ മൂത്ത കുട്ടിയായ ബബിതക്ക്‌ എട്ട്‌ വയസ്സ്‌ മാത്രമായിരുന്നു പ്രായം. ഇളയകുട്ടി സുധീഷിന്‌ എട്ട്‌ മാസത്തോളം പ്രായവും. സുനീഷ്‌, അശ്വതി, സുബിഷ എന്നിവർക്ക്‌  ആറ്‌ വയസ്സിൽ താഴെ പ്രായവും. ദുരന്തത്തിന്‌ ശേഷം സുനിതയുടെ അമ്മ കൊച്ചിയമ്മയുടെ ചിറകുപറ്റി കഴിഞ്ഞിരുന്ന കുട്ടികളെ സിപിഐ എം അഞ്ചുകുന്ന്‌ ലോക്കൽ കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു. പിന്നീട്‌ നാട്ടുകാരുമായും സാമൂഹ്യസാംസ്‌കാരിക പ്രവർത്തകരുമായുമെല്ലാം സഹകരിച്ച്‌ "സുനിത മക്കൾ സംരക്ഷണസമിതി' രൂപീകരിച്ച്‌ കുടുംബത്തിന്‌ വീട്‌ വയ്‌ക്കാനുള്ള സംരംഭം ആരംഭിച്ചു. ഇതിനിടയിൽ ആദിവാസി മേഖലയിൽ പ്രവത്തിക്കുന്ന കൂത്തുപറമ്പ്‌ സ്വദേശി അശോകൻ കല്ലിയും പിന്തുണയുമായെത്തി. സിപിഐ എം അഞ്ചുകുന്ന്‌ ലോക്കൽ സെക്രട്ടറി കാസിം പുഴക്കൽ കൺവീനറായും അശോകൻ കല്ലി ചെയർമാനുമായുമുള്ളതാണ്‌  കമ്മിറ്റി. വ്യാപാരിയായ കൂത്തുപറമ്പ്‌ പാട്യം സ്വദേശി മുകുന്ദന്റെ സഹായത്താൽ ആറാം മൈൽ പഴഞ്ചേരിയിൽ അഞ്ച്‌ സെന്റ്‌ സ്ഥലംവാങ്ങി  തറ നിർമാണം പൂർത്തിയാക്കി. ഇതിന്‌ പിന്നാലെ വീട്‌ നിർമാണത്തിന്റെ ധനശേഖരണാർഥം കോഴിക്കോട്ട്‌ ചിത്രകലാ ക്യാമ്പ്‌ നടത്തി. പിന്നാലെ കതിരൂരും ചിത്രപ്രദർശനം സംഘടിപ്പിച്ചു. ഇതിന്റെ തുടർച്ചയായാണ്‌ വയനാട്ടിലും ചിത്രപ്രദർശനം ഒരുക്കിയത്‌. ആർടിസ്റ്റ്‌ മദനൻ ഉൾപ്പടെ 26 ചിത്രകാരൻമാരുടെ പെയിന്റിങ്ങുകൾ പ്രദർശനത്തിനും വിൽപ്പനക്കും വച്ചു.  സാഹിത്യോത്സവത്തിനെത്തിയ  നടി പാർവതി തിരുവോത്ത്‌ ഉൾപ്പടെയുള്ളവർ ചിത്രങ്ങൾ വാങ്ങി. വരുംദിവസങ്ങളിലും വിവിധ പ്രദേശങ്ങളിൽ ചിത്രപ്രദർശനം തുടരും.     സുനിത മക്കൾ സംരക്ഷണസമിതി ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ: 169412801200130. കേരള ബാങ്ക്‌ , പനമരം അഞ്ചാം മൈൽ. ഐഎഫ്‌എസ്‌സി: KSBK 001694. ഫോൺ: 7306328982, 9947375689.   Read on deshabhimani.com

Related News