ദേശീയ ഗെയിംസ് - സൈക്ലിങ് വയനാട്ടിൽനിന്ന് 2 പേർക്ക് യോഗ്യത
കൽപ്പറ്റ ഫെബ്രുവരി മൂന്ന് മുതൽ 11 വരെ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസ് സൈക്ലിങ്ങിലേക്ക് ജില്ലയിൽനിന്ന് രണ്ട് പേർ യോഗ്യതനേടി. ട്രാക്ക് സൈക്ലിങ് വിഭാഗത്തിൽ ഡിവിന ജോയി, മൗണ്ടൻ സൈക്ലിങ് വിഭാഗത്തിൽ അയ്ഫ മെഹറിൻ എന്നിവരാണ് യോഗ്യതനേടിയത്. മാടക്കുന്ന് ജോയി –- ഷീജ ദമ്പതികളുടെ മകളായ ഡിവിന ജോയി തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. കൽപ്പറ്റ കുഞ്ഞിമൊയ്തീൻ -–- ഖദീജ ദമ്പതികളുടെ മകളായ അയ്ഫ മെഹറിൻ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയുമാണ്. ദേശീയ ഗെയിംസിൽ വയനാട്ടിൽനിന്ന് ആദ്യമായാണ് സൈക്ലിങ് വിഭാഗത്തിൽ പ്രതിനിധികൾ പങ്കെടുക്കുന്നത്. ദേശീയ ഗെയിംസിലേക്ക് യോഗ്യത നേടിയ വിദ്യാർഥിനികളെ വയനാട് ജില്ലാ സൈക്ലിങ് അസോസിയേഷൻ അഭിനന്ദിച്ചു. Read on deshabhimani.com