പരിഹാരം ഉറപ്പാക്കി മന്ത്രിമാർ
കൽപ്പറ്റ സംസ്ഥാന സർക്കാർ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിന് ജില്ലയിലും തുടക്കം. വൈത്തിരി താലൂക്ക് അദാലത്ത് കൽപ്പറ്റ സെന്റ് ജോസഫ് കോൺവെന്റ് സ്‌കൂളിൽ മന്ത്രിമാരായ ഒ ആർ കേളുവിന്റെയും എ കെ ശശീന്ദ്രന്റെയും നേതൃത്വത്തിലാണ് ആരംഭിച്ചത്. പലതവണ ഉദ്യോഗസ്ഥതലത്തിൽ പരാതി പറഞ്ഞിട്ടും തീർപ്പാകാത്തതിലെ ആശങ്കയുമായി വന്നവരെ മന്ത്രിമാർ ചേർത്തുപിടിച്ചു. ചില പരാതികൾ തീർപ്പാക്കി, പല പരാതികളും വൈകാതെ പരിഹരിക്കപ്പെടുമെന്ന ഉറപ്പും ലഭിച്ചതിന്റെ ആശ്വാസവും പരാതിക്കെത്തിയവരിൽ തെളിഞ്ഞു. പരാതി പരിഹാര അദാലത്തിലേക്കായി താലൂക്ക് ഓഫീസുകൾവഴിയും അക്ഷയ കേന്ദ്രങ്ങളിലൂടെയും ഓൺലൈനായുമായണ് പരാതി സ്വീകരിച്ചത്. ഭൂമി സംബന്ധമായ വിഷയങ്ങൾ, പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം, അതിർത്തി തർക്കങ്ങൾ, വഴി തടസ്സപ്പെടുത്തൽ, സർട്ടിഫിക്കറ്റുകൾ ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, നിരസിക്കൽ, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, കെട്ടിട നമ്പർ, നികുതി തുടങ്ങിയവ, വയോജന സംരക്ഷണം ഉൾപ്പെടെയുള്ള പരാതികളാണ് അദാലത്തിലെത്തിയത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന അദാലത്ത് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. മന്ത്രി ഒ ആർ കേളു അധ്യക്ഷനായി. കലക്ടർ മേഘശ്രീ സ്വാഗതം പറഞ്ഞു. എഡിഎം ദേവകി, സബ് കലക്ടർ മിസാൽ സാഗർ ഭരത് എന്നിവരുൾപ്പടെയുള്ള വിവിധ ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തു. ബത്തേരി താലൂക്ക്തല അദാലത്ത് ജനുവരി മൂന്നിന് ബത്തേരി നഗരസഭാ ടൗൺ ഹാളിലും മാനന്തവാടി താലൂക്ക്തല അദാലത്ത് ജനുവരി നാലിന് മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിലും നടക്കും. Read on deshabhimani.com