സാഹിത്യോത്സവം മൂന്നാം നാളിലേക്ക്‌

‘അവൾ ചരിത്രമെഴുതുകയാണ്’ സെഷനിൽ സിനിമതാരം പാർവതി തിരുവോത്ത്‌ മാധ്യമപ്രവർത്തക അന്ന എം വെട്ടിക്കാടുമായി സംസാരിക്കുന്നു


ദ്വാരക(മാനന്തവാടി) ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും  സർഗാത്മകതയുടെയും പുതുവെളിച്ചം പകർന്ന്‌  വയനാട്‌ സാഹിത്യോത്സവം മൂന്നാം നാളിലേക്ക്‌. ദ്വാരകയിൽ നടക്കുന്ന സാഹിത്യോത്സവത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം വെള്ളിയാഴ്‌ച നടന്നു.  ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരെല്ലാം സാഹിത്യോത്സവം മുന്നോട്ട് വയ്‌ക്കുന്ന സ്വാതന്ത്ര്യത്തെയും സർഗാത്മകതയെയും പ്രതീകമാക്കിക്കൊണ്ട് വ്യത്യസ്ത നിറത്തിലുള്ള ബലൂണുകൾ പറത്തി. കർണാടക മുഖ്യമന്ത്രി ജി സിദ്ധരാമയ്യയുടെ സന്ദേശം വായിച്ചാണ്‌ വയനാട്‌ സാഹിത്യോത്സവം ഉദ്‌ഘാടനം ചെയ്‌തത്‌. ഉദ്‌ഘാടകനായ സിദ്ധരാമയ്യ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന് ഡൽഹിയിലായതിനാലാണ്‌  സന്ദേശത്തിലൂടെ  ഉദ്ഘാടനം നിർവഹിച്ചത്.   തമിഴ്‌നാടും കർണാടകവും കേരളവും തമ്മിലുള്ള അതുല്യമായ സാംസ്‌കാരിക ബന്ധത്തിന്റെ ഓർമപ്പെടുത്തലാണ് വയനാട് സാഹിത്യോത്സവമെന്ന്‌ സിദ്ധരാമയ്യ പറഞ്ഞു. സമൂഹത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ  പോരാടിയ കർണാടകത്തിലെ സാമൂഹ്യ പരിഷ്‌കർത്താവ്‌  ബസവണ്ണയെ പോലുള്ളവരുടെ വാക്കുകൾക്ക്‌ ഏറെ പ്രസക്തിയുള്ള കാലമാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു.      ഈ രാഷ്ട്രത്തെ രൂപപ്പെടുത്തിയ എല്ലാ ആശയങ്ങളും ചെറിയ കൂട്ടായ്മകളിൽ നിന്ന്, കൂട്ടമായ ആശയവിനിമയത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്ന്,  ഫെസ്റ്റിവൽ ഡയറക്ടർ  ഡോ. വിനോദ് കെ ജോസ്  പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ  അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, മാധ്യമപ്രവർത്തക ലീന രഘുനാഥ്‌, ജോസഫ് കെ ജോബ്,  വി എസ് നിഷാന്ത് എന്നിവർ സംസാരിച്ചു.     രണ്ടാം ദിനത്തിൽ കവിതയിലെ ഗോത്രവഴികൾ എന്ന വിഷയത്തിൽ പ്രത്യേക സെഷൻ നടന്നു.  ‘ഒരു പത്തനംതിട്ടക്കാരനും കോട്ടയംകാരനും വയനാട്ടിൽ പറയാനുള്ളത്’ എന്ന വിഷയത്തിൽ ബെന്യാമിൻ, ബിപിൻ ചന്ദ്രൻ എന്നിവർ സംവദിച്ചു.  ‘നോവൽ എഴുതിയ കാലം’ എന്ന വിഷയത്തിൽ  സഹറുനുസെെബ കണ്ണനാരിയും  എഴുത്തുകാരൻ  ഒ പി സുരേഷും തമ്മിൽ നടത്തിയ  സംഭാഷണവും ‘അവൾ ചരിത്രമെഴുതുകയാണ്’ എന്ന സെഷനിൽ മാധ്യമപ്രവർത്തക അന്ന എം വെട്ടിക്കാടുമായി നടത്തിയ സംഭാഷണവും ശ്രദ്ധേയമായി. Read on deshabhimani.com

Related News