മരുഭൂമിയിലെ മനുഷ്യരുടെ കഥകൾ എഴുതാൻ പ്രേരിപ്പിച്ചത് എം മുകുന്ദൻ: ബെന്യാമിൻ
ദ്വാരക എഴുതിത്തുടങ്ങിയ കാലത്ത് ഗൾഫിലിരുന്നുകൊണ്ട് നാടിന്റെ കഥ എഴുതാതെ പ്രവാസജീവിതത്തിന്റെ കഥ എഴുതണമെന്ന എം മുകുന്ദന്റെ പ്രോത്സാഹനമാണ് ആടുജീവിതം എഴുതാൻ പ്രേരണയായതെന്ന് ബെന്യാമിൻ പറഞ്ഞു. പ്രവാസജീവിതത്തിന്റെ ഇടയിൽ വായിക്കാനും എഴുതാനും സമയം കണ്ടെത്തിയിരുന്ന തന്നെ മരുഭൂമിയിലെ മനുഷ്യരുടെ കഥകൾ എഴുതാൻ പ്രേരിപ്പിച്ചത് എം മുകുന്ദനായിരുന്നു. ‘ഒരു പത്തനംതിട്ടക്കാരനും കോട്ടയംകാരനും വയനാട്ടിൽ പറയാനുള്ളത്’ എന്ന വിഷയത്തിൽ തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രനുമായുള്ള സംവാദ സെഷനിൽ സംസാരിക്കുകയായിരുന്നു ബെന്യാമിൻ. പുത്തൻ സാങ്കേതികവിദ്യകളുടെ കാലത്ത് പഴമക്കാരെ തൃപ്‌തിപ്പെടുത്താനല്ല, പുതുതലമുറക്കായാണ് പുതിയ എഴുത്തുകാർ എഴുതേണ്ടതെന്ന് എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. പുതിയ സാങ്കേതികവിദ്യകളുടെയും സങ്കീർണതകളുടെയും അംശങ്ങൾ സ്വാംശീകരിച്ച് എഴുതാൻ കഴിയണം. ബെന്യാമിന്റെ നോവലുകളുടെ വൈവിധ്യമാർന്ന രൂപകൽപ്പനയെപ്പറ്റിയും പുതിയ നോവലായ മൾബറിയെയും പറ്റി ചർച്ച നടന്നു. പുസ്തകങ്ങൾക്ക് വേണ്ടി ഭ്രാന്തമായി അലഞ്ഞ ഷെൽവി എന്ന മനുഷ്യനോടും പുസ്തക പ്രസാധകലോകത്തോടുമുള്ള സമർപ്പണമാണ് മൾബറി എന്ന തന്റെ പുതിയ നോവലെന്ന് ബെന്യാമിൻ പറഞ്ഞു. Read on deshabhimani.com