പനവല്ലിക്കടുവയെ 
മയക്കുവെടിവയ്‌ക്കാൻ ശ്രമം



പനവല്ലി ഒന്നരമാസമായി പനവല്ലിയെ ഭീതിയിലാഴ്‌ത്തുന്ന കടുവയെ മയക്കുവെടിവച്ച്‌ പിടികൂടാനുള്ള ശ്രമം തുടങ്ങി. തിങ്കൾ രാവിലെ പത്തോടെ ദൗത്യസംഘം എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ച് തിരച്ചിൽ ആരംഭിച്ചു. ആദ്യദിനം കടുവയെ കണ്ടെത്താനായില്ല.  രണ്ട്‌ ഡിഎഫ്‌ഒമാരുടെയും മൂന്ന്‌ റെയ്‌ഞ്ചർമാരുടെയും നേതൃത്വത്തിൽ 60 അംഗ സംഘമാണ്‌ ദൗത്യത്തിനുള്ളത്‌. രണ്ടു സംഘമായി തിരിഞ്ഞാണ്‌ തിരച്ചിൽ. കടുവയെ മയക്കുവെടിവച്ച്‌ പിടികൂടാൻ വൈൽഡ്‌ ലൈഫ്‌ പ്രിൻസിപ്പൽ സിസിഎഫ്‌ ഞായറാഴ്‌ചയാണ്‌ ഉത്തരവിട്ടത്‌. തിരച്ചിലിൽ ശനി, ഞായർ ദിവസങ്ങളിലേതെന്ന്‌ കരുതുന്ന കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. ഞായർ രാവിലെയും കടുവയെ നാട്ടുകാർ കണ്ടിരുന്നു. വയലിലൂടെ പോകുന്നതാണ്‌ കണ്ടത്‌. വെറ്ററിനറി സർജൻ ഡോ. അജീഷ് മോഹൻദാസും ദൗത്യസംഘാംഗങ്ങളും നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌ന എന്നിവരുമായി ആശയവിനിമയം നടത്തി.   വനംവകുപ്പ്‌ സ്ഥാപിച്ച കാമറയിൽ പതിഞ്ഞ ചിത്രങ്ങളെല്ലാം ഒരു കടുവയുടേതാണ്‌. കഴിഞ്ഞ ജൂണിൽ തിരുനെല്ലി ആദണ്ഡയിൽനിന്ന്‌ പിടികൂടി വനത്തിൽവിട്ട കടുവയാണിതെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്.  ആദണ്ഡ, സർവാണി, പുഴക്കര എന്നിവിടങ്ങളിൽ ഇത്തവണ കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുടുങ്ങിയില്ല. തിങ്കൾ വൈകിട്ടുവരെ തിരച്ചിൽ നടത്തി. കടുവയുടെ കാൽപ്പാടുകൾ ഒടുവിൽ കണ്ടെത്തിയ സ്ഥലത്തെ ഭൂപടം തയ്യാറാക്കി ചൊവ്വാഴ്‌ച തിരച്ചിൽ പുനരാരംഭിക്കും.    ലക്ഷ്യം എത്രയുംവേഗം പിടികൂടൽ: ഡിഎഫ്ഒ പനവല്ലി കടുവയെ മയക്കുവെടിവച്ച് പിടികൂടുന്നതിനുള്ള ശ്രമം ഊർജിതമാണെന്ന്‌  നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞു.  കാമറകളിൽനിന്ന്‌  ലഭിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഒരു കടുവ മാത്രമേ ഉള്ളുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മയക്കുവെടിവയ്‌ക്കാനുള്ള  ടീം സജ്ജമാണ്‌. തിങ്കളാഴ്ച തന്നെ  ദൗത്യം ആരംഭിച്ചു. എത്രയും വേഗം പിടികൂടുകയാണ്‌ ലക്ഷ്യം. ഇതിന്‌ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്‌.  Read on deshabhimani.com

Related News