50 കടന്ന് പോരാട്ടം
പി എ മുഹമ്മദ് നഗർ (എടത്തറ ഓഡിറ്റോറിയം, ബത്തേരി) ബത്തേരിയുടെ ആകാശത്ത് ആവേശച്ചൂടുമായി ചെങ്കൊടി ഉയർന്നുപാറി. അമ്പതാണ്ടിന്റെ ചരിത്രഗാഥയുമായി സിപിഐ എം ജില്ലാ സമ്മേളനത്തിന് തുടക്കം. കുടിയേറ്റത്തിന്റെ മണ്ണ് ഇൻക്വിലാബ് വിളിയിൽ പ്രകമ്പനംകൊണ്ടു. നൂറുകണക്കിന് പ്രവർത്തകരുടെ കണ്ഠങ്ങളിൽനിന്നുയർന്ന മുദ്രാവാക്യങ്ങൾക്കിടെ സിപിഐ എമ്മിന്റെ 24–-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ഉഷാകുമാരി ചെമ്പതാക ഉയർത്തി. രക്തസാക്ഷികളുടെ സ്‌മരണകളിരമ്പുന്ന മണ്ഡപത്തിൽ നേതാക്കളും പ്രതിനിധികളും പുഷ്‌പാർച്ചന നടത്തി. 1973ൽ രൂപീകരിച്ച ജില്ലാ കമ്മിറ്റി അരനൂറ്റാണ്ട് പൂർത്തിയാക്കിയശേഷമുള്ള സമ്മേളനത്തിനാണ് ആവേശോജ്വല തുടക്കമായത്. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടറിയറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. അഭിവാദ്യം അർപ്പിക്കാനും ഉദ്‌ഘാടന സമ്മേളനത്തിലേക്കും നാടിന്റെ വിവിധ തുറകളിലുള്ളവരെത്തി. നാലാം തവണയാണ് ബത്തേരി ജില്ലാ സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. ചുവന്നുതുടുത്ത മണ്ണിലാണ് സമ്മേളനം. മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ ക്രൂരതക്കെതിരെ ആദ്യദിനം പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൻമേൽ ചർച്ച തുടങ്ങി. ഞായറും തിങ്കളും സമ്മേളനം തുടരും. ഞായർ വൈകിട്ട് സാംസ്‌കാരിക സമ്മേളനവും തിങ്കൾ സമ്മേളനത്തിന് സമാപനംകുറിച്ച് കാൽലക്ഷംപേർ അണിനിരക്കുന്ന പ്രകടനവും ചവപ്പ് സേനയുടെ മാർച്ചും ഉണ്ടാകും. സബ് കമ്മിറ്റികൾ :– പ്രസിഡിയം: പി വി സഹദേവൻ(കൺവീനർ), ബീന വിജയൻ, എ എൻ പ്രസാദ്, കെ എം ഫ്രാൻസീസ് പ്രമേയം: പി കെ സുരേഷ്(കൺവീനർ), സുരേഷ് താളൂർ, സി യൂസഫ്, പി ആർ നിർമല, സാന്ദ്ര രവീന്ദ്രൻ മിനിടുസ്: കെ റഫീഖ്(കൺവീനർ), പി ടി ബിജു, പി എം നാസർ, എൻ പി കുഞ്ഞുമോൾ, എം ജനാർദനൻ ക്രഡൻഷ്യൽ: എ എൻ പ്രഭാകരൻ(കൺവീനർ), രുഗ്മിണി സുബ്രഹ്മണ്യൻ, ജോബിസൺ ജെയിംസ്, ജസ്‌റ്റിൻ ബേബി, പി വിശ്വനാഥൻ. രജിസ്‌ട്രേഷൻ: എം എസ് സുരേഷ് ബാബു(കൺവീനർ), എം മധു, പി വാസുദേവൻ Read on deshabhimani.com