കോൺഗ്രസ്‌ ഭൂമി വിവാദം 
പൊട്ടിത്തെറിയിലേക്ക്‌



പുൽപ്പള്ളി കോൺഗ്രസിൽ ഭൂമി വിവാദം പൊട്ടിത്തെറിയിലേക്ക്‌. പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസും സ്ഥലവും നേരത്തെ വിൽപ്പന നടത്തിയ സ്ഥലത്തിന്റെ പണവും പാർടിക്ക്‌ തിരികെ നൽകിയില്ലെങ്കിൽ കെ എൽ പൗലോസിന്റെ വീട്ടിലേക്ക്‌ മാർച്ച്‌ നടത്തുമെന്ന്‌  ഒരുവിഭാഗം നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസായ  രാജീവ് ഭവനും സ്ഥലവും പാർടിയെ വഞ്ചിച്ചാണ്‌ കെ എൽ പൗലോസ്‌ സ്വന്തംപേരിൽ രജിസ്‌റ്റർചെയ്‌തത്‌.  കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗമായ പൗലോസിനെയും അദ്ദേഹത്തെ ന്യായീകരിച്ച്‌ വാർത്താസമ്മേളനം നടത്തിയ മണ്ഡലം പ്രസിഡന്റ് എൻ യു ഉലഹന്നാൻ,  മുൻ മണ്ഡലം പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ, വർഗീസ് മുരിയൻകാവിൽ എന്നിവരെ പാർടിയിൽനിന്ന്‌ പുറത്താക്കണം.  പാർടി മണ്ഡലം കമ്മറ്റിക്കുവേണ്ടി 1992ൽ വാങ്ങിയ സ്ഥലമാണ്‌ അന്നത്തെ ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായിരുന്ന പൗലോസ് സ്വന്തം പേരിലാക്കിയത്‌.  കോൺഗ്രസ് പ്രവർത്തകർ, തൊഴിലാളികൾ,  പൊതുജനങ്ങൾ എന്നിവരുടെ സംഭാവനയിലൂടെയാണ് പണം കണ്ടെത്തിയത്. ഇതിൽ മൂന്ന്‌ സെന്റ്  വിറ്റ് പണം സ്വന്തമാക്കി. ഇതെല്ലം പാർടിയെ വഞ്ചിച്ചാണ് . ഇക്കാര്യങ്ങളെല്ലാം കെപിസിസി നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്. പാർടിയുടെ സ്വത്തുക്കൾ തിരികെ നൽകാൻ തയ്യാറായില്ലെങ്കിൽ അവകാശം സ്ഥാപിച്ച് രാജീവ് ഭവൻ പരിസരത്ത്  കൊടികുത്തി സമരം ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.  വാർത്താസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറിമാരായ സി പി ജോയി,  കെ വി ക്ലീറ്റസ്, ഐഎൻടിയുസി മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് പി എൻ ശിവൻ, ഡിസിസി അംഗം ബേബി സുകുമാരൻ, കെ ജേക്കബ് എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News