എംടി ഒരു നൂറ്റാണ്ടിന്റെ ഹൃദയ സ്പന്ദനങ്ങള്‍ 
ഏറ്റെടുത്ത എഴുത്തുകാരന്‍: മന്ത്രി ആര്‍ ബിന്ദു

എം ടി അനുസ്‌മരണം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യുന്നു


 തൃശൂർ ഒരു നൂറ്റാണ്ടിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റെടുത്ത അതീവ സംവേദന ക്ഷമതയുള്ള എഴുത്തുകാരനായിരുന്നു എം ടി വാസുദേവനെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച എംടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമാണ് അദ്ദേഹത്തിന്റെ കൃതികൾ. കേരളത്തിന്റെ വർ​ഗസമവാക്യങ്ങൾ മാറ്റിയെഴുതിയ പ്രക്ഷോഭങ്ങൾക്ക് തന്റേതായ പിന്തുണ നൽകാൻ എംടിക്കായി. തട്ടുതട്ടായി നിലനിന്ന അധികാരഘടനാ വ്യവസ്ഥയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. നാലുകെട്ടുകൾ നിലനിർത്താനല്ല, അവ പൊളിച്ചെറിയാൻ ശ്രമിച്ച വി​ഗ്രഹഭഞ്ജകനായിരുന്നു വിപ്ലവകാരിയായ എംടി.  മലയാള സാഹിത്യത്തിൽ ഏറ്റവും അധികം സ്നേഹിക്കപ്പെട്ട; ആരാധിക്കപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹം. ഒരു ആയുഷ് കാലമത്രയും സാഹിത്യത്തിന്റെയും സാംസ്കാരിക പ്രവർത്തനത്തിന്റെയും നെടുംതൂണായി നിലകൊള്ളാനായി. അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങളും  വ്യവസ്ഥയോട് കലഹിക്കുന്ന അന്തർമുഖരും ഉൾപ്പെടെ നിരവധി കഥാപാത്രങ്ങളെ എംടി അവതരിപ്പിച്ചു. സിനിമയിലും വൈവിധ്യങ്ങളായ പ്രമേയങ്ങൾ കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ചു. മാസ്റ്റർ പീസുകൾ സൃഷ്ടിച്ച് തലമുറകൾക്ക് പ്രചോദനകേന്ദ്രമായി. എംടിയുടെ അഭാവം മലയാള സാഹിത്യത്തിൽ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മന്ത്രി കെ രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. സച്ചിദാനന്ദൻ, വൈശാഖൻ, അശോകൻ ചരുവിൽ, പ്രിയനന്ദനൻ, ആലങ്കോട്‌ ലീലാകൃഷ്‌ണൻ, ബാലമുരളീകൃഷ്ണ, വി എസ് ബിന്ദു, കവിത ബാലകൃഷ്ണൻ, ഡോ. സി രാവുണ്ണി, എൻ രാജൻ, ഡോ. ആർ ശ്രീലത വർമ, വിജയരാജ മല്ലിക എന്നിവർ എംടിയെ അനുസ്മരിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി പി അബൂബക്കർ സംസാരിച്ചു. Read on deshabhimani.com

Related News