അർബൻ ബാങ്കിൽ വഴിവിട്ട നിയമനം: കോൺഗ്രസ് പ്രതിക്കൂട്ടിൽ
തൃശൂർ തൃശൂർ അർബൻ സഹകരണ ബാങ്കിൽ നിയമനത്തിനെതിരായി ഹൈക്കോടതി വിധി വന്നതോടെ കോൺഗ്രസ് നേതൃത്വം പ്രതിക്കൂട്ടിലായി. അനാവശ്യവും ചട്ടവിരുദ്ധവുമായ നിയമനങ്ങൾ നടത്തി ബാങ്കിന് നഷ്ടം വരുത്തിയെന്നാണ് പരാതി. നിയമനത്തിന്റെ മറവിൽ ചില ഭരണസമിതി അംഗങ്ങൾ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുന്നതായും പരാതിയുണ്ട്. ബാങ്കിൽ നടന്ന ക്രമക്കേടുകളിൽ ഇഡി അന്വേഷണം നടക്കുന്നതിന് പിന്നാലെയാണ് ചട്ട വിരുദ്ധമായ നിയമനങ്ങളിൽ ഹൈക്കോടതി ഇടപെടൽ. ബാങ്കിൽ നിന്ന് വിരമിച്ചവരെ വീണ്ടും കരാർ വ്യവസ്ഥയിൽ നിയമിച്ചതിനെതിരെയാണ് ഇപ്പോൾ ഹൈക്കോടതി ഇടപെടൽ. ബാങ്കിൽ മാനേജരായി വിരമിച്ച വി എസ് ഉണ്ണികൃഷ്‌ണനെയും സ്വകാര്യ ബാങ്കിൽ നിന്ന് വിരമിച്ച രവീന്ദ്രനെയുമാണ് കരാർ വ്യവസ്ഥയിൽ നിയമിച്ചത്. നേരത്തെ അഞ്ചുപേരെയും നിയമിച്ചിരുന്നു. ഉണ്ണികൃഷ്‌ണൻ ജീവനക്കാരുടെ കോൺഗ്രസ് സംഘടനാ നേതാവായിരുന്നു. കോൺഗ്രസ് നേതാവ് പോൾസൺ ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ചട്ടംലംഘിച്ച് നിയമനങ്ങൾ നടത്തിയത്. വഴിവിട്ട നിയമനത്തിനെതിരെ ബാങ്ക് ഓഹരി ഉടമ ആന്റോ ഡി ഒല്ലൂക്കാരനാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിലവിലുള്ള ചട്ടങ്ങൾ ലംഘിച്ച് വിരമിച്ചവരെ നിയമിക്കുന്നതായാണ് പരാതി. സഹകരണ ജോയിന്റ് രജിസ്‌ട്രാർ പലതവണ ഇടപെട്ടിട്ടും നിയമിച്ചവരെ ഒഴിവാക്കിയില്ല. ഈ നിയമനം റദ്ദാക്കണമെന്നും അനാവശ്യമായി ബാങ്കിന് വന്ന ചെലവ് ഭരണസമിതി അംഗങ്ങളിൽ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. കെ പി മധു മുഖേനയാണ് ഹർജി നൽകിയത്. ചട്ടം മറികടന്നുള്ള നിയമനങ്ങളിൽ മൂന്നുമാസത്തിനകം നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അതുവരെ ബാങ്കിൽ മറ്റു നിയമനങ്ങൾ നടത്തരുതെന്നും കോടതി ഉത്തരവായിട്ടുണ്ട്. മേയറായിരുന്ന ഐ പി പോൾ ബാങ്കിൽ ഡയറക്ടറാണ്. ഇദ്ദേഹത്തിന്റെ അറിവോടെയാണ് നിയമനമെന്ന് കോൺഗ്രസിൽ തന്നെ ആക്ഷേപമുയർന്നിട്ടുണ്ട്. ബാങ്ക് വൈസ് ചെയർമാൻ രാജു ചുക്രാത് ഈ വിഷയത്തിൽ ഭരണസമിതി യോഗത്തിൽ വിയോജിപ്പും രേഖപ്പെടുത്തി. ബാങ്കിലെ പ്യൂൺ നിയമനമെന്ന പേരിൽ ഉദ്യോഗാർഥികളിൽ നിന്ന് വൻപണപ്പിരിവ് നടക്കുന്നതായും പരാതിയുണ്ട്. ബാങ്ക് ക്ലാസിഫിക്കേഷനും സ്‌റ്റാഫ് പാറ്റേൺ നടപടികളും പൂർത്തീകരിക്കാത്തതിനാൽ നിയമനങ്ങൾ കോടതി തടഞ്ഞിട്ടുണ്ട്. എന്നാൽ 12 ഒഴിവുവരുമെന്ന് പറഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന്15 ലക്ഷം വീതം വാങ്ങുന്നതായാണ് പരാതി. Read on deshabhimani.com