ഐഎഎസ് അക്കാദമിയിലും താരമായി കുടുംബശ്രീ
തൃശൂർ മുസോറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലെ അന്തർദേശീയ വിപണന മേളയിൽ താരമായി കുടുംബശ്രീ. കേരള സാരിയും മുണ്ടും ജ്യൂട്ട് ബാഗ്, ഹാൻഡ്‌മെയ്ഡ് സോപ്പ്, കരകൗശല വസ്തുക്കളുമെല്ലാമായി പതിനാറോളം ഉൽപ്പന്നങ്ങളാണ് മേളയിൽ കുടുംബശ്രീ വിപണനത്തിനായി എത്തിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ദാമി ഉൾപ്പെടെയുള്ള പ്രമുഖർ കുടുംബശ്രീ സ്റ്റാൾ സന്ദർശിച്ചു. ജില്ലയിലെ കൊടകര ബ്ലോക്കിൽ കുടുംബശ്രീ മുഖേന നടത്തിവരുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാമിന്റെ (എസ്‌വിഇപി) ഭാഗമായി പ്രവർത്തിക്കുന്ന മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരായ ശാരി ഹരി, വിനീത, സംരംഭകയായ ശ്യാമ സുരേഷ്, പാലക്കാട് ജില്ലയിൽനിന്നുള്ള കുടുംബശ്രീ ന്യൂട്രിമിക്‌സ് സംരംഭക ഭാഗീരഥി എന്നിവരാണ് കുടുംബശ്രീ മിഷനെ പ്രതിനിധീകരിച്ച് മേളയിൽ പങ്കെടുത്തത്. അയൽ ക്കൂട്ടങ്ങൾ കേന്ദ്രീകരിച്ചുള്ള കുടുംബശ്രീയുടെ സംരംഭ രൂപീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് സിവിൽ സർവീസ് ട്രെയിനികളുമായി ഇവർ സംവദിച്ചു. Read on deshabhimani.com