അക്ഷരപന്തലിൽ ഒരു വട്ടം കൂടി
അറിവിനെ ഉത്സവമാക്കി, ഒപ്പം പുത്തൻ അറിവിനെ കൂടെ കൂട്ടി.. മത്സരങ്ങൾക്കപ്പുറം പുതുതാരകങ്ങൾ തിളങ്ങിയ അക്ഷരമുറ്റത്ത് അഭിനന്ദനങ്ങളേറ്റുവാങ്ങാൻ അവർ വീണ്ടുമെത്തി.. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റിൽ ജില്ലാ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ‘അക്ഷര സന്ധ്യ 2024’ പ്രതിഭകൾക്ക് മികവിന്റെ പാതയിലെ മുന്നേറ്റത്തിന് ഊർജം പകർന്നു. പരിപാടി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്‌ഘാടനം ചെയ്‌തു. സംഗീത നാടക അക്കാദമി റീജിയണൽ തിയേറ്ററിൽ നടന്ന ചടങ്ങിൽ വിവിധ സ്‌കൂളുകളിലെ അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളുമുൾപ്പെടെ നിരവധിപ്പേരാണ് പങ്കെടുത്തത്. ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവത്തിന് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത വീണ്ടും ഊട്ടിയുറപ്പിക്കുന്നതായിരുന്നു സമ്മാനദാനചടങ്ങിലെ ജനപങ്കാളിത്തം. സ്‌കൂൾതലം മുതൽ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ അക്ഷരസന്ധ്യയുടെ ഭാഗമായി. ജില്ലാതല മത്സരത്തിൽ എൽപി, യുപി, ഹൈസ്‌ക്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്ക് യഥാക്രമം 10000, 5000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ദേശാഭിമാനി തൃശൂർ യൂണിറ്റ് സീനിയർ ന്യൂസ് എഡിറ്റർ ഇ എസ് സുഭാഷ് അധ്യക്ഷനായി. സിനിമാ താരങ്ങളായ പി പി കുഞ്ഞികൃഷ്‌ണൻ, ദിനേഷ് പ്രഭാകരൻ, കൈലാഷ്, മുന്ന സൈമൺ എന്നിവർ മുഖ്യാതിഥികളായി. ദേശാഭിമാനി അക്ഷരമുറ്റം ജില്ലാ കോ–-ഓർഡിനേറ്റർ ടോം പനയ്‌ക്കൽ, സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി എ ജി സന്തോഷ്, ബ്യൂറോ ചീഫ് മുഹമ്മദ് ഹാഷിം, ചീഫ് മാർക്കറ്റിങ് മാനേജർ ഗോപൻ നമ്പാട്ട്, യൂണിറ്റ് മാർക്കറ്റിങ് മാനേജർ ടി എം നിഷാന്ത്, സീനിയർ സബ് എഡിറ്റർ ഷംസുദ്ദീൻ കുട്ടോത്ത്, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി കെ പ്രമോദ് എന്നിവർ സംസാരിച്ചു. തൃശൂരിന്റെ മ്യൂസിക് ബാൻഡായ ‘യൂടേൺ പ്രൊജക്ട്‌സി’ന്റെ മ്യൂസിക്കൽ ബാൻഡും അരങ്ങേറി. Read on deshabhimani.com