വൈദ്യുതി കാലുകൾ വീണ്ടും ചൂലിശേരിയിൽ നിന്ന്
തൃശൂർ ജില്ലക്ക് ആവശ്യമായ വൈദ്യുതി കാലുകൾ ഇനി ചൂലിശേരിയിൽ നിർമിക്കും. സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഉടമസ്ഥതയിൽ ചൂലിശേരിയിലുള്ള പോൾ കാസ്റ്റിങ് യാർഡ് നവീകരണം പൂർത്തിയായതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 31ന് പകൽ 11ന് പോൾ - കാസ്റ്റിങ് യാർഡ് മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള 4.88 ഏക്കർ ഭൂമിയിൽ 5.40 കോടി രൂപ ചെലവഴിച്ചാണ് യാർഡ് പൂർത്തീകരിച്ചത്. പരമ്പരാഗത യാർഡിൽ നിന്ന് വിഭിന്നമായി സെൽഫ് ആൻകോർഡ് സ്‌റ്റീൽ ഫൗണ്ടേഷൻ രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഇത്തരം യാർഡുകൾ പെട്ടെന്ന് പണി പൂർത്തീകരിക്കാം. ബലമില്ലാത്ത മണ്ണിൽ സുരക്ഷിതമായി പണിയാനും കഴിയും. ആവശ്യമെങ്കിൽ യാർഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും കഴിയും. പരമ്പരാഗത യാർഡിനേക്കാൾ ചെലവും കുറവാണ്. കെഎസ്ഇബിയുടെ പുതിയ ഡിസൈൻ പ്രകാരമുള്ള എട്ട് മീറ്ററിന്റെ 1440 കാലുകളും ഒമ്പത് മീറ്ററിന്റെ 384 കാലുകളും യാർഡിൽ പ്രതിമാസം നിർമിക്കാനാവും. യാർഡിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വൈദ്യുതി കാലുകൾ നിർമിച്ച് കുറഞ്ഞ നിരക്കിൽ കെഎസ്ഇബിക്ക് നൽകാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. പുറത്തെ സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കാലുകൾ അതുവഴി ലഭ്യമാവും. ഇത് ഗുണഭോക്താക്കൾക്കും ഗുണം ചെയ്യും. ഇതേ ഭൂമിയിൽ 4.53 കോടിയിൽ 33 കെ വി സബ്‌സ്‌റ്റേഷൻ നിർമിക്കാനും ഭരണാനുമതിയായതായി എംഎൽഎ പറഞ്ഞു. ചൂലിശേരിയിലെ യാർഡ് വർഷങ്ങളായി പ്രവർത്തനം നിലച്ചിരിക്കുകയായിരുന്നു. ഭൂമി കാടുംപിടിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ ഇടപ്പെടൽ വഴി കെഎസ്ഇബി-യുടെ വികസന പദ്ധതികളിൽ ഉൾപ്പെടുത്തി എൽഡിഎഫ് സർക്കാർ യാർഡ് നവീകരിക്കുകയായിരുന്നു. കെഎസ്‌ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ എം എ ഷാജു, എക്സിക്യൂട്ടീവ് എൻജിനിയർമാരായ കെ എച്ച് സാദിഖ്, പി കെ സന്തോഷ്, ലിസി കെ ഡേവിസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com