കാറിൽനിന്ന്‌ മൊബൈൽ ഫോണ്‍ 
മോഷ്ടിച്ചവരെ പിടികൂടി



​ഗുരുവായൂർ ഗുരുവായൂരിലെ മൾട്ടി ലെവൽ കാർ പാർക്കിങ്‌  കോംപ്ലക്സിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചയാളേയും സഹായിയേയും  പൊലീസ് പിടികൂടി. തൃശൂർ ചേർപ്പ് പെരുമ്പള്ളിശ്ശേരി  വട്ടപറമ്പിൽ വിഷ്ണു രവി(26), ആലുവയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി സദിരുൾ ഇസ്ലാം (20) എന്നിവരെയാണ് ​ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഐ എസ്  ബാലചന്ദ്രൻ അറസ്റ്റ് ചെയ്തത്. സെപ്തംബർ 22ന് ഗുരുവായൂർ കിഴക്കേ നടയിലുള്ള  ദേവസ്വം മൾട്ടി ലെവൽ കാർ പാർക്കിങ്‌  കോംപ്ലക്സിൽ പാലക്കാട് മുതലമട സ്വദേശി  പാർക്ക് ചെയ്തിരുന്ന ക്രൂയിസർ വാഹനത്തിൽനിന്ന്‌ വിലകൂടിയ  അഞ്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച  കേസിലാണ് അറസ്റ്റ്. വിഷ്ണുവാണ് ഫോൺ മോഷ്ടിച്ചത്. തുടർന്ന് ഇതരസംസ്ഥാന തൊഴിലാളിയായ സദിരുൾ ഇസ്ലാമിന്റെ സഹായത്തോടെ  വിൽപ്പന നടത്തി.  ഫോണുകളിൽ ഒരെണ്ണം ഇതര സംസ്ഥാന തൊഴിലാളിയായ സദിരുൾ ഇസ്ലാമിന്റെ കൈയിൽനിന്ന്‌ ഗുരുവായൂർ ടെമ്പിൾ പൊലീസ്   കണ്ടെടുത്തതോടെയാണ് കളവിനെ സംബന്ധിച്ച്  കൂടുതൽ  വിവരം ലഭിച്ചത്. തുടർന്ന് വിഷ്ണുവിനെക്കൂടി അറസ്റ്റ് ചെയ്തു.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.  എസ്ഐ മാരായ കെ ആർ റെമിൻ, കെ  ഗിരി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി കെ രാജേഷ്,  പി എ അഭിലാഷ്, ആർ ഗോപകുമാർ, സിവിൽ പൊലീസ് ഓഫീസർ സി എസ് സജീഷ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com

Related News