മാവിൻ തണലൊരുക്കി, അവർ ഇനി സേനയിലേക്ക്
തൃശൂർ അക്കാദമിയിലെ പരിശീലനം കഴിഞ്ഞ് സേനയുടെ ഭാഗമാകാനൊരുങ്ങുമ്പോൾ ഇവരുടെ മനസ്സ് നിറയുകയാണ്. ഇവർ നട്ടുവളർത്തിയ മാവിൻതൈകൾ അക്കാദമിവളപ്പിൽ തളിരിടുകയാണ്. 44 വ്യത്യസ്‌ത ഇനങ്ങളിലായി നൂറുകണക്കിന് മാവുകൾ. കഠിനമായ പൊലീസ് പരിശീലനത്തിനൊപ്പമാണ് വനിതാ ബറ്റാലിയൻ അംഗങ്ങൾ അക്കാദമി വളപ്പിൽ മാന്തോപ്പും ഒരുക്കിയത്. നാടിന് തണലൊരുക്കിയ ചാരിതാർഥ്യവുമായി ഇവർ ഞായറാഴ്‌ച പൊലീസ് സേനയുടെ ഭാഗമായി നാടിന്റെ കാവലാളുകളാവും. കേരളത്തിൽ അന്യംനിൽക്കുന്ന മാവിനങ്ങൾ തിരിച്ചുകൊണ്ടുവരുന്നതിന് കണ്ണൂർ സിറ്റി പൊലീസ് സേനാംഗമായ ഷൈജു ശേഖരിച്ച മാങ്ങയണ്ടി ഐസിഎആറിന് കൈമാറി പ്രത്യേക ഗ്രാഫ്റ്റിങ് വഴി വളർത്തിയതാണ് ഇവിടെ നട്ടത്. ഓരോ മാവിനും നടീൽ മുതൽ പരിപാലനം വരെയുള്ള കാര്യങ്ങൾക്ക് വനിതാബറ്റാലിയനിലെ മൂന്നുപേർക്കുവീതം ചുമതല നൽകി. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് , സസ്യ ജനിതക വിഭാഗം ദേശീയ ബ്യൂറോ എന്നിവയുടെ സഹകരണവുമുണ്ടായി. കഴിഞ്ഞ വനിതാദിനത്തിൽ ഇതിന് തുടക്കം കുറിച്ചു. ഇവരുടെ പരിശീലനം കഴിഞ്ഞാൽ ഇവർ ചുമതലയേക്കുന്ന കമ്പനി പരിപാലനം തുടരാനാണ് ധാരണ. അതിനാൽ തൈകളുടെ പരിപാലനം മുടങ്ങില്ല. ഉണ്ടപ്പച്ച, നരൻ, മധുരക്കിങ്ങിണി, രസപുളിയൻ, പച്ചമധുരം, വടക്കൻ മധുരക്കടുക്കൻ, മഞ്ഞ നീല പുളിയൻ, ജെല്ലി മാങ്ങ, മധുരപ്പുളിയൻ, ആനപ്പള്ളി യെല്ലോ, മഞ്ഞപ്പഞ്ചാര, നാടൻ കടുക്കാച്ചി, മഞ്ഞ ബാപ്പക്ക, വത്സല മാങ്ങ, മഞ്ഞ സുഗന്ധി, പവിഴരേഖ, വേട്ടക്കാരൻ മാങ്ങ, കരിമീൻ കൊക്കൻ, നീലച്ചെണയൻ, വടക്കൻ സ്പോഞ്ച് മാങ്ങ, സലീം പെൻഗ്വിൻ, മഞ്ഞക്കൽക്കണ്ടൻ തുടങ്ങിയ അന്യമാകുന്ന മാവിനങ്ങളാണ് നട്ടുവളർത്തി പരിപാലിക്കുന്നത്. വനിതാ പൊലീസ് ബറ്റാലിയന്റെ മൂന്നാമത് ബാച്ചിലെ 446 അംഗങ്ങളാണിവർ. ഞായറാഴ്‌ച രാവിലെ എട്ടിന് അക്കാദമി ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരേഡിൽ സല്യൂട്ട് സ്വീകരിക്കും. Read on deshabhimani.com