ഗുരുവായൂർ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്‌ സമുച്ചയം വെള്ളിയാഴ്‌ച തുറക്കും



ഗുരുവായൂർ തദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യത്തെ മൾട്ടി ലെവൽ പാർക്കിങ്‌ സമുച്ചയം  ​ഗുരുവായൂരിൽ വെള്ളിയാഴ്ച  വൈകിട്ട് അഞ്ചിന്  മന്ത്രി എം വി ഗോവിന്ദൻ   ഉദ്ഘാടനം ചെയ്യുമെന്ന്‌ ന​ഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ​ഗുരുവായൂർ ന​ഗരസഭ നിർമിച്ചതാണ്‌  പാർക്കിങ്‌ പ്ലാസ. ഗുരുവായൂർ ഔട്ടർ റിങ്‌ റോഡിൽ സ്ഥിതി ചെയ്തിരുന്ന ആന്ദ്ര പാർക്കിങ്ങിന്റെ ആറ്‌ നിലകളിലായാണ്  സമുച്ചയം. ​ഏറ്റവും താഴെഏഴ്‌ ബസുകളും മുകളിലെ നിലകളിലായി 366 കാറുകളും 40 മിനി ബസുകളും നൂറോളം ഇരുചക്രവാഹനങ്ങളും  നിർത്തിയിടാം. ഡ്രൈവർമാർക്കും യാത്രക്കാർക്കും വിശ്രമിക്കാനുള്ള സ്ഥലങ്ങളും ശുചിമുറി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  ഇലക്ട്രിക്ക് കാറുകൾക്ക് അതിവേഗ ചാർജിങ്‌ സ്റ്റേഷൻ സൗകര്യവും ലഭ്യമാക്കും.  വാഹനങ്ങളുടെ സുരക്ഷയ്ക്കായുളള ഫയർ ആൻഡ്‌ സേഫ്റ്റി സംവിധാനങ്ങൾ, ഓൺഗ്രിഡ് സോളാർ എന്നീ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.  ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനാകും. ടി എൻ പ്രതാപൻ എംപി,  മുരളി പെരുനെല്ലി എംഎൽഎ , ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ എന്നിവർ വിശിഷ്ടാതിഥികളാകും. വാർത്താസമ്മേളനത്തിൽ  വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷരായ എ സായിനാഥൻ, ഷൈലജ സുധൻ, എ എം ഷഫീർ, ബിന്ദു അജിത് കുമാർ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News