എല്‍ഡിഎഫ് പ്രതിഷേധത്തിൽ
ജനരോഷമിരമ്പി 


നെടുമങ്ങാട് അർബൻ ബാങ്കിന്റെ അന്യായ ജപ്‌തി നടപടിയിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ് സംഘടിപ്പിച്ച മാർച്ച്‌


നെടുമങ്ങാട് ജപ്‌തിയുടെ പേരിൽ വയോധികയെയും കുടുംബത്തെയും വീട്ടിൽനിന്ന്‌ ഇറക്കിവിട്ട നെടുമങ്ങാട് അര്‍ബൻ ബാങ്കിലെ കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ പ്രതിഷേധമുയർന്നു. എല്‍ഡിഎഫ് സംഘടിപ്പിച്ച മാര്‍ച്ചിലും ധര്‍ണയിലും ജനരോക്ഷം ഇരമ്പി. വെള്ളി വൈകിട്ടാണ്‌ വെമ്പായം മുക്കമ്പാലമൂട് ഇടവിളാകത്തു വീട്ടില്‍ യശോദ(85)യെയും കുടുംബത്തെയും വീട്ടില്‍നിന്നും ഇറക്കിവിട്ടത്. നാലു സെന്റ് പുരയിടവും പഞ്ചായത്ത് അനുവദിച്ച ചെറിയൊരു വീടും മാത്രമാണ്‌ ഇവർക്ക്‌ സ്വന്തമായിട്ടുള്ളത്‌.  എല്‍ഡിഎഫ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ബാങ്കിന്റെ കന്യാകുളങ്ങര ബ്രാഞ്ചിലേക്ക്‌ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്‌.  മാര്‍ച്ചിനുശേഷം ബാങ്കുപടിക്കല്‍ സംഘടിപ്പിച്ച ധര്‍ണ സിപിഐ എം സംസ്ഥാന  സെക്രട്ടറിയറ്റംഗം ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു.  സിപിഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷ്, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എം ജി രാഹുല്‍, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഷിജൂഖാന്‍, സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തില്‍ ഷെരീഫ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എല്‍ എസ് ലിജു, കെ മുരളീധരന്‍, എ നൗഷാദ്, കെ വി ശ്രീകാന്ത്, വി ബി ജയകുമാര്‍, എ ഷീലജ, എസ് എസ് ബിജു, ബിജു ബാബുരാജ്, ജി പുഷ്‌പരാജ്, എസ് കെ ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജപ്‌തിയുടെ പേരിൽ വയോധികയെയും കുടുംബത്തെയും വീട്ടിൽനിന്ന്‌ ഇറക്കിവിട്ട നെടുമങ്ങാട് സഹകരണ അര്‍ബന്‍ ബാങ്കിന്റെ നടപടിയെ ന്യായീകരിച്ച്‌ കോൺഗ്രസ്‌ ഭരണസമിതി.  നടപടികൾ പാലിച്ചാണ് വീട് ജപ്തി ചെയ്‌തതെന്ന് ബാങ്ക് ചെയര്‍മാന്‍ തേക്കട അനില്‍കുമാറിന്റെ ന്യായീകരണം. മൂന്നു തവണ വായ്‌പ പുതുക്കി നല്‍കിയിരുന്നു. തുക തിരിച്ചടയ്‌ക്കാൻ 24-വരെ സമയം അനുവദിച്ചു.  വാർത്താസമ്മേളനത്തില്‍ ബാങ്ക് വൈസ്‌ചെയര്‍മാന്‍ കല്ലയം സുകു, ബോര്‍ഡ് അംഗങ്ങളായ ആനാട് ജയന്‍, ടി അര്‍ജുനന്‍, ആര്‍ ചന്ദ്രമോഹനന്‍, സുരേന്ദ്രന്‍, പ്രസന്നന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. Read on deshabhimani.com

Related News