ടീമുകളുടെ പരിശീലനം ഗ്രീൻഫീൽഡിലും സെന്റ്‌ സേവ്യേഴ്‌സിലും



തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ്‌ ക്രിക്കറ്റ്‌ സന്നാഹമത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളുടെ പരിശീലന ഷെഡ്യൂളായി. ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിലെ പ്രാക്ടീസ്‌ ഗ്രൗണ്ട്‌, തുമ്പ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ്‌ പരിശീലനം.  ചൊവ്വ രാവിലെ ദക്ഷിണാഫ്രിക്കൻ ടീം എത്തും. 26 മുതൽ 28 വരെ ദക്ഷിണാഫ്രിക്കൻ ടീം ഗ്രീൻഫീൽഡിൽ പരിശീലനം നടത്തും. പകൽ രണ്ടുമുതൽ വൈകിട്ട്‌ അഞ്ചുവരെയാണ്‌ പരിശീലനം. 28ന്‌ വൈകിട്ട്‌ ആറുമുതൽ രാത്രി ഒമ്പതുവരെ നെതർലൻഡ്‌സ്‌, അഫ്‌ഗാൻ ടീമുകൾ ഗ്രീൻഫീൽഡിൽ പരിശീലനം നടത്തും.  29ന്‌ രാവിലെ 10 മുതൽ നെതർലൻഡ്‌സും പകൽ രണ്ടുമുതൽ ഓസ്‌ട്രേലിയയും സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌ ഗ്രൗണ്ടിൽ പരിശീലനം നടത്തും. അന്നുതന്നെ സെന്റ്‌സേവ്യേഴ്‌സിൽ ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും തമ്മിൽ സൗഹൃദമത്സരമുണ്ട്‌. 30നു ദക്ഷിണാഫ്രിക്കൻ ടീം സെന്റ്‌ സേവ്യേഴ്‌സിൽ പരിശീലനം നടത്തും. അന്നേദിവസം ഓസ്‌ട്രേലിയയും നെതർലൻഡ്‌സ്‌ ടീമും ഇതേ സ്‌റ്റേഡിയത്തിൽ സൗഹദമാച്ച്‌ കളിക്കും.  ഒക്ടോബർ ഒന്നിന്‌ ഗ്രീൻഫീൽഡിൽ രാവിലെ പത്തിന്‌ നെതർലൻഡ്‌സും പകൽ രണ്ടിന്‌ ന്യൂസിലൻഡും വൈകിട്ട്‌ ആറിന്‌ ദക്ഷിണാഫ്രിക്കയും പരിശീലനം നടത്തും. ഒക്ടോബർ രണ്ടിന്‌ രാവിലെ പത്തിന്‌ നെതർലൻഡ്‌സും പകൽ രണ്ടിന്‌ ഇന്ത്യയും സെന്റ്‌ സേവ്യേഴ്‌സിൽ പരിശീലനം നടത്തും. അന്നേദിവസം ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സൗഹൃദമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്‌.  29 മുതൽ ഒക്ടോബർ രണ്ടുവരെ ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിലാണ്‌ സന്നാഹമത്സരങ്ങൾ. ആദ്യമത്സരം ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും തമ്മിലാണ്‌. Read on deshabhimani.com

Related News