വേണ്ടേ, പുൽക്കൂടും കുഞ്ഞുപാപ്പാഞ്ഞിയും
തിരുവനന്തപുരം ചെത്തിയൊരുക്കിയ ചൂരലും മുള്ളാണിയും നൂൽക്കമ്പിയും ചില കൈവേലകൾക്കിപ്പുറം അതിമനോഹരമായ പുൽക്കൂടുകളാകുന്ന കാഴ്‌ച നഗരനടപ്പാതയിൽ ഇത്തവണയുമുണ്ട്. എട്ട് വർഷമായി ഡിസംബറിൽ ഇത്തരത്തിൽ പുൽക്കൂട് നിർമാണവും വിൽപ്പനയും ഈ വഴിയോരത്ത് നടക്കുന്നു. എ കെ ജി സെന്ററിന് മുന്നിലെ നടപ്പാതയിൽ വിശ്രമമില്ലാതെ പുൽക്കൂടുകൾ നിർമിക്കുന്നത് സിഐടിയു ചുമട്ട് തൊഴിലാളികളാണ്. വൈക്കോൽ മേഞ്ഞു മോടി പിടിപ്പിച്ചതുൾപ്പെടെ പല വലിപ്പത്തിലും രൂപത്തിലുമുള്ള പുൽക്കൂടുകൾ... കൊല്ലത്തുനിന്ന് ചൂരലും നെടുമങ്ങാട്ടുനിന്ന് വൈക്കോലുമെത്തിച്ചാണ് നിർമാണം. ഇത്തവണ പുൽക്കൂട് മാത്രമല്ല, കൂട്ടിൽ വയ്ക്കുന്ന രൂപങ്ങൾ, ബഹുവർണ നക്ഷത്രങ്ങൾ, കുഞ്ഞൻ പാപ്പാഞ്ഞി, മഞ്ഞണിഞ്ഞ ക്രിസ്മസ് ട്രീകൾ... എന്നിങ്ങനെ ക്രിസ്മസ് ആഘോഷമാക്കാൻ വേണ്ടതെല്ലാമുണ്ടിവിടെ. പല വർണങ്ങളിൽ എൽഇഡി ബൾബുകൾ തെളിച്ച് അലങ്കരിച്ച് വിൽപ്പനയ്‌ക്കൊരുക്കിയ പുൽക്കൂടുകൾ കാണാൻ രാത്രിയെത്തുന്നവരും നിരവധിയാണ്. 300 മുതൽ 3500 രൂപ വരെയുള്ള കൂടുകളാണ് ഇക്കൊല്ലം വിപണിയിലുള്ളത്. ഇതുവരെ ഇരുനൂറോളം കൂടുകൾ വിറ്റു. റെഡിമെയ്‌ഡ് ആയതുകൊണ്ട് കുറേക്കാലം ഉപയോഗിക്കാനാകുമെന്നതാണ് ആകർഷകം. മുൻ വർഷങ്ങളിലേക്കാൾ ഈ വർഷം ആവശ്യക്കാർ ഏറെയാണ്. യാത്രയ്ക്കിടയിലാണ് പലരുടെയും ശ്രദ്ധയിൽ പെടുന്നത്. ചിലർ തിരിച്ചുവരും. റെഡ് സിഗ്നൽ വീഴുമ്പോൾ വില ചോദിക്കുന്നവരും വാങ്ങുന്നവരുമാണ് കൂടുതൽ. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടയിൽ കൂട് ശ്രദ്ധയിൽപ്പെട്ട ഒരു കുടുംബം പുൽക്കൂട് വിദേശത്തേക്ക് പാഴ്‌സലയപ്പിച്ചതും പുതിയ അനുഭവമാണെന്ന് പി അനി പറയുന്നു. ചുമട്ട് തൊഴിലാളികളായ പി അനി, തങ്കച്ചൻ, കുടുംബശ്രീ പ്രവർത്തകയായ എൽ അജിത എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. Read on deshabhimani.com