എസ്‌ഐക്കെതിരെ കേസ്‌, സിഐക്ക്‌ സസ്‌പെൻഷൻ



തിരുവനന്തപുരം ഗ്രേഡ്‌ എസ്‌ഐക്കെതിരെ മാനദണ്ഡങ്ങൾ പാലിക്കാതെ കേസെടുത്ത സിഐക്ക്‌ സസ്‌പെൻഷൻ. പാറശാല സിഐ ആസാദ്‌ അബ്ദുൾ കലാമിനെയാണ്‌ സംസ്ഥാന പൊലീസ്‌ മേധാവി സസ്‌പെൻഡ്‌ ചെയ്‌തത്‌. കഴിഞ്ഞ ദിവസം പാറാശല ജങ്‌ഷനിൽ ഒരു പറ്റം യുവാക്കൾ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയിരുന്നു. വിവരമറിഞ്ഞെത്തിയ ഗ്രേഡ്‌ എസ്‌ഐ ഗ്ലാസ്റ്റൺ മത്യാസ്‌ ഇവരെ പിരിച്ചുവിടാൻ ശ്രമിച്ചു. പൊലീസിനെ മദ്യക്കുപ്പികൊണ്ട്‌ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ലാത്തിവിശി. അതിനിടെ സമീപത്തുണ്ടായിരുന്ന പൂക്കച്ചവടക്കാരൻ തനിക്ക്‌ മർദനമേറ്റെന്ന പരാതിയുമായി സ്റ്റേഷനിലെത്തി. കേസിൽ പ്രാഥമികാന്വേഷണം നടത്താതെയും ആവശ്യമായ അനുമതികൾ വാങ്ങാതെയും ഗ്രേഡ്‌ എസ്‌ഐക്കെതിരെ കേസെടുക്കുകയായിരുന്നു. വ്യക്തി വിദ്വേഷം തീർക്കാനായിരുന്നു സിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതെന്ന്‌ സ്പെഷ്യൽ ബ്രാഞ്ച്‌ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ റിപ്പോർട്ട്‌ നൽകി. തുടർന്ന്‌ നർക്കോട്ടിക്‌ സെൽ ഡിവൈഎസ്‌പി നടത്തിയ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി എസ്‌പി സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ റിപ്പോർട്ട്‌ നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. Read on deshabhimani.com

Related News