വികസനപാതയിൽ 
ജനറൽ ആശുപത്രി



തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ മുഖച്ഛായ മാറ്റാൻ 207 കോടിയുടെ പദ്ധതിക്ക്‌  സർക്കാർ അംഗീകാരം. കൂടുതൽ നിർദേശങ്ങളും ആവശ്യങ്ങളും ഉയർന്നതോടെ നേരത്തേ അനുവദിച്ച 137.28 കോടി വർധിപ്പിച്ചാണ്‌ 207 കോടിയാക്കിയത്‌. നിലവിലുള്ള സംവിധാനങ്ങളുടെ നവീകരണവും ഇതിന്റെ ഭാഗമായി ചെയ്യും.    നഗരമധ്യത്തിൽ പത്തിലധികം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആക്കുകയാണ്‌ ലക്ഷ്യം. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം.  ട്രോമകെയർ യൂണിറ്റ്, 21 കിടക്കയുള്ള ഡയാലിസിസ് യൂണിറ്റ്, 240 കിടക്കയുള്ള കിടത്തി ചികിത്സാകേന്ദ്രം, സൂപ്പർ സ്പെഷ്യാലിറ്റി ഒപി, മൾട്ടി ഐസിയു, ശസ്ത്രക്രിയ തിയറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയാണ് വിഭാവനം ചെയ്യുന്നത്. പുതിയ ഒന്നിലധികം നിലയുള്ള കെട്ടിടങ്ങൾ നിർമിച്ചാകും വികസനം. ഇതിനായി പഴയ കെട്ടിടങ്ങൾ പൊളിച്ചേക്കും.  അത്യാഹിത വിഭാഗം, നിരീക്ഷണ കിടക്കകൾ, എമർജൻസി ഓപ്പറേഷൻ തിയറ്റർ, റിക്കവറി ഒപി രജിസ്ട്രേഷൻ‍, റേഡിയോളജി, ഫാർമസി, ഓർത്തോപീഡിക്, ഫാസ്റ്റ് ട്രാക്ക് ഒപി, മൾട്ടി സ്പെഷ്യൽറ്റി ഐസിയു, സ്റ്റെപ്പ് ഡൗൺ ഐസിയു, ട്രോമ വാർഡുകൾ, സെമിനാർ മുറികൾ, ഡ്യൂട്ടി ഡോക്ടർമാരുടെ മുറി, സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഒപികൾ, ഈ ഹെൽത്ത്, ഭൂമിക സേവനങ്ങളും പുതിയ കെട്ടിടത്തിൽ ഉണ്ടാകും. കൂടാതെ, ക്ലിനിക്കൽ ലബോറട്ടറി, ബ്ലഡ് ബാങ്ക്, സൂപ്പർ സ്പെഷ്യാലിറ്റി ഒപി, കഫ്‌റ്റീരിയ തുടങ്ങിയവയും ഒരുക്കും.  കോവിഡ്‌ കാലത്ത്‌ ഉപയോഗിച്ച ആശുപത്രിയിലെ പഴയ കെട്ടിടം പിന്നീട്‌ ഉപയോഗശൂന്യമായിരുന്നു. ഇവിടെയാകും പുതിയ കെട്ടിടം വരിക. ജനറൽ ആശുപത്രിയിൽനിന്ന്‌ രോഗികളെ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റേണ്ട സാഹചര്യം പരമാവധി ഒഴിവാക്കി എല്ലാ സേവനങ്ങളും അവിടെത്തന്നെ നൽകാനാണ്‌ പദ്ധതി ലക്ഷ്യംവയ്ക്കുന്നത്‌. Read on deshabhimani.com

Related News