അഴൂർ മുട്ടപ്പലത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച



ചിറയിന്‍കീഴ് പ്രവാസിയുടെ വീട്ടിൽ വൻ കവര്‍ച്ച. 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. സിംഗപ്പൂരിൽ ബിസിനസുകാരനായ സാബുവിന്റെ അഴൂര്‍ മുട്ടപ്പലം തെക്കേവിളാകത്ത്  വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. വീട്ടില്‍ ബാഗിലും അലമാരയിലുമായി സൂക്ഷിച്ചിരുന്ന 30 പവനും 85,000 രൂപയും 60,000- രൂപ വില വരുന്ന മൊബൈൽ ഫോണും നഷ്ടപ്പെട്ടു. രാത്രി രണ്ടോടെയാണ് മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ അടുക്കള ഭാഗത്തെ കതക് പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനുളളില്‍ കടന്നത്. വീടിനുളളിലെ  മേശപ്പുറത്തിരുന്ന  ഹാന്‍ബാഗിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണമാല, വള എന്നിവ കൈയ്ക്കലാക്കി.  സമീപത്തെ മുറിയില്‍ കടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന സാബുവിന്റെ ഭാര്യാ മാതാവിന്റെ മാലയും വളയും കവര്‍ന്നു.  ബാഗില്‍ ഉണ്ടായിരുന്ന ഉടമയുടെ സിംഗപ്പൂരിലെ ഐഡി കാര്‍ഡ്, എടിഎം കാർഡ് എന്നിവ വീട്ടിൽ  ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുലര്‍ച്ചെ എഴുന്നേറ്റ സാബു വീടിന്റെ പിന്‍വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിഞ്ഞത്.  വീട്ടുടമ പരാതി നൽകിയതിനെ തുടർന്ന് ചിറയിൻകീഴ്  പൊലീസ്   അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും,  ഫിംഗര്‍ പ്രിന്റ്‌ വിഭാഗവും   തെളിവെടുപ്പ് നടത്തി.  സാബുവും ഭാര്യയും കഴിഞ്ഞ വ്യാഴാഴ്ചയാണ് ബന്ധുവിന്റെ കല്യാണത്തിനായി സിംഗപ്പൂരിൽ നിന്ന് നാട്ടില്‍ എത്തിയത്. Read on deshabhimani.com

Related News