സുസ്വാഗതം
സീതാറാം യെച്ചൂരി നഗർ വകയാർ മേരിമാതാ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സിപിഐ എം ജില്ലാ സമ്മേളനത്തിനെത്തിയവരെ വരവേറ്റത് വ്യത്യസ്‌തമായ സ്വാഗത നൃത്താവിഷ്‌കാരം. 11 ഏരിയ കമ്മിറ്റികളേയും പരാമർശിക്കുന്ന വരികൾ ഉൾക്കൊള്ളുന്ന നൃത്താവിഷ്‌കാരത്തോടെയാണ് ഏവരെയും വരവേറ്റത്. ബാലസംഘം സ്ഥാപകദിനത്തിൽ അടൂരിലെ ബാലസംഘം കൂട്ടുകാരാണ് സ്വാഗതമരുളാൻ നൃത്താവിഷ്‌കാരവുമായി അരങ്ങിലെത്തിയത്. ജില്ലയുടെ ആകെ സവിശേഷതകൾ വരികളിലുണ്ടായി. പുരോഗമന കലാസാഹിത്യസംഘം അടൂർ ഏരിയ കമ്മിറ്റിയംഗങ്ങളാണ് നൃത്താവിഷ്‌കാരത്തിന് പിന്നിൽ. ഡൈനി ജോർജിന്റെയും അഷ്‌കർ മേട്ടുപ്പുറത്തിന്റെയും ആശയം അനിതാ ദിവോദയം വരികളാക്കി. സുനിൽ വിശ്വം സംഗീതം നൽകി. അടൂർ തപസ്യ കലാക്ഷേത്ര നൃത്താധ്യാപിക കൂടിയായ ആർ എൽ വി സുമ നരേന്ദ്ര നൃത്തസംവിധാനവും നിർവഹിച്ചു. സുമയുടെ മകൾ രഞ്ജിനി കൃഷ്ണ, ബാലസംഘം അടൂർ നോർത്ത് മേഖലാ സെക്രട്ടറി പി അനാമിക, സഹോദരി പി അരുണിമ, ശ്രാവണി ബിജു എന്നിവരാണ് വേദിയിൽ നൃത്തം അവതരിപ്പിച്ചത്. എല്ലാവരും ബാലസംഘം മേഖലാ കമ്മിറ്റിയംഗങ്ങളാണ്. Read on deshabhimani.com