അത്യാഹിത വിഭാഗവും 
ഒപി ബ്ലോക്കും പൊളിക്കും

പത്തനംതിട്ട ജനറൽ ആശുപത്രി


പത്തനംതിട്ട അത്യാധുനിക നിലവാരത്തിലേയ്‌ക്ക്‌ ഉയരുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ നിർമാണം ഉടനാരംഭിക്കും. നിർമാണം ആരംഭിക്കാനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. ഇടതുപക്ഷ സർക്കാരിന്റെയും ആരോഗ്യമന്ത്രി വീണാ ജോർജിന്റെയും നിരന്തര ഇടപെടലുകളുടെ ഭാഗമായി അത്യാധുനിക ഒപി ബ്ലോക്കും ക്രിട്ടിക്കൽ കെയർ യൂണിറ്റുമാണ്‌ ആശുപത്രിയിൽ ഉയരുക.      23,06,65,049 കോടി രൂപ മുതൽ മുടക്കിൽ നിർമിക്കുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ പ്രാരംഭ നടപടികൾ പൂർത്തിയായി. നിലവിലുള്ള അത്യാഹിത വിഭാഗവും ഒപി ബ്ലോക്കും പൊളിച്ച്‌ നീക്കിയാണ്‌ അത്യാധുനിക നിലവാരത്തിലുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമിക്കുക. നിലവിലെ കെട്ടിടം പൊളിച്ച്‌ നീക്കാനുള്ള കരാർ നടപടി നടക്കുന്നു. തിങ്കളാഴ്‌ച കരാർ സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. തുടർന്ന്‌ എത്രയും വേഗത്തിൽ പഴയ കെട്ടിടം പൊളിച്ച്‌ മാറ്റും. ശേഷം പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കും. കിറ്റ്‌കോയ്‌ക്കാണ്‌ നിർമാണ ചുമതല. രണ്ട്‌ വർഷത്തിനുള്ളിൽ പൂർത്തിയാക്കും. അതുവരെ കോവിഡ് കാലത്ത് ഉപയോഗിച്ച ബി ആൻഡ് സി ബ്ലോക്കിന് സമീപത്തെ സാംക്രമിക രോഗനിർണയ കേന്ദ്രം കാഷ്വാലിറ്റിയായും കാരുണ്യ ഫാർമസിക്ക് സമീപമുള്ള കെഎച്ച്ആർ പേ വാർഡ് ഒപി വാർഡായും പ്രവർത്തിപ്പിക്കാനാണ് ആലോചന. ഇത്‌ സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്ത എച്ച്‌എംസി യോഗത്തിൽ ഉണ്ടാകും. കെഎച്ച്‌ആർ പേ വാർഡ്‌ ഒപി വാർഡ്‌ ആക്കാനുള്ള അപേക്ഷ ഇതിനോടകം സമർപ്പിച്ചു. ഉടൻ തന്നെ എച്ച്‌എംസി യോഗം ചേർന്ന്‌ തുടർ നടപടികൾ കൈക്കൊള്ളും.   അണ്ടർ ഗ്രൗണ്ട്‌ ഉൾപ്പടെ നാല്‌ നിലകളിലായി 51,000 ചതുരശ്ര അടിയിൽ 50 കിടക്ക ഉൾപ്പെടെയുള്ളതാണ്‌ പുതിയ യൂണിറ്റ്‌. ഇതിൽ 20 കിടക്കകൾ അത്യാഹിത വിഭാഗത്തിനായാണ്‌. കെട്ടിട നിർമാണം പൂർത്തിയാകുന്ന മുറയ്‌ക്ക്‌ കോടികൾ വിലവരുന്ന ഉപകരണങ്ങളും വാങ്ങും. സാംക്രമിക രോഗങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തിര ഇടപെടലിനായി പ്രത്യേക സംവിധാനങ്ങളും ഇവിടെ ഉണ്ടാകും. ഐസൊലേഷൻ വാർഡ്‌, അത്യാഹിത പരിചരണം, ഡയാലിസിസ്‌ യൂണിറ്റ്‌, മൈനർ ഓപ്പറേഷൻ തിയേറ്റർ, ഫാർമസി, ഐസിയു, എച്ച്‌ഡിയു, സ്റ്റാഫ്‌ റൂം ഉൾപ്പടെയുള്ള സംവിധാനങ്ങൾ പുതിയതായി ഒരുക്കുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിലുണ്ടാകും. Read on deshabhimani.com

Related News