പ്രതിഷേധ കൂട്ടായ്മ ഇന്ന്‌



 പത്തനംതിട്ട  കേന്ദ്ര സർക്കാർ ഫണ്ട്‌ അനുവദിക്കാത്തതിനാൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൂലി മുടങ്ങിയിട്ട്‌ മാസങ്ങൾ. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കണമെന്നും കൂലി കുടിശ്ശിക ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്‌ച ജില്ലയിൽ തൊഴിലുറപ്പ്‌ തൊഴിലാളികൾ പ്രതിഷേധ കൂട്ടായ്മ നടത്തും. മുഴുവൻ വാർഡുകളിലും പകൽ 12.30ന് പ്രതിഷേധ കൂട്ടായ്മ നടക്കും. പ്രതിഷേധം എഴുതിയ ബാഡ്ജുകൾ ധരിച്ചാകും തൊഴിലാളികൾ രാവിലെ  ജോലിക്കിറങ്ങുക. ജില്ലയിലെ തൊഴിലുറപ്പ്‌ വിഭാ​ഗത്തിലെ അവിദ​ഗ്ദ തൊഴിലാളികൾക്കാണ്  കുടിശ്ശിക ഇനത്തിൽ   കോടികൾ നല്‍കാനുള്ളത്. രണ്ടര മാസമായി തൊഴിലുറപ്പ് പദ്ധതിയിൽ കൂലി ലഭിച്ചിട്ട്‌. 15 കോടിയോളം രൂപയാണ്‌  നൽകാനുള്ളത്‌.  ജോലി ചെയ്‌ത്‌ 14 ദിവസത്തിനകം വേതനം നൽകണമെന്ന നിയമം നിലനിൽക്കെയാണ്‌ പാവപ്പെട്ട തൊഴിലാളികളോട്‌ കേന്ദ്രത്തിന്റെ ഈ അവഗണന.  സംസ്ഥാനത്തെ തൊഴിലുറപ്പ്‌ സംവിധാനത്തെ ഏത്‌ വിധേനയും ഇല്ലാതാക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ്‌ കൂലി നൽകാതെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നത്‌.      ജില്ലയിലെ തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ കേന്ദ്രസർക്കാർ കൂലി കുടിശ്ശിക ഇനത്തിൽ 14,22,53,647 രൂപയാണ് ചൊവ്വാഴ്ച വരെ  നൽകാനുള്ളത്‌. പറക്കോട് ബ്ലോക്ക് പഞ്ചായത്തിലാണ് കൂടുതൽ കുടിശ്ശിക. 4,55,28,934 രൂപയാണ് കൂലി കുടിശിക. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലാണ് ജില്ലയിൽ  കുറഞ്ഞ കുടിശ്ശിക‌. 89,07,162 രൂപ. ഇലന്തൂർ ബ്ലോക്ക്‌– 1,00,66,693, കോയിപ്രം– 91,39,999, കോന്നി– 1,83,55,792, പന്തളം– 1,15,87,533, പുളിക്കീഴ്‌– 1,37,93,469, റാന്നി– 2,48,74,065 എന്നിങ്ങനെയാണ്‌ മറ്റ്‌ ബ്ലോക്കുകളിലെ കൂലി കുടിശ്ശിക.     ഓണത്തിന്‌ പോലും തൊഴിലാളികൾക്ക്‌ കൂലി ലഭിച്ചില്ല. നൂറ് ദിവസം ജോലി ചെയ്ത തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ നൽകിയ ബോണസ്‌ മാത്രമായിരുന്നു തൊഴിലാളികളുടെ ഏക ആശ്വാസം. Read on deshabhimani.com

Related News