മനുഷ്യസ്‌നേഹത്തിന്റെ ലളിതമുഖം
മല്ലപ്പള്ളി വള്ളിചെരുപ്പും കാഷായ വസ്ത്രവും ചരടിൽ കോർത്ത തടി കുരിശു മാലയുമാണ് മാർത്തോമ്മാ സഭയുടെ നിയുക്ത എപ്പിസ്കോപ്പാ ഫാ. മാത്യു കെ ചാണ്ടിയുടെ ആഡംബരങ്ങൾ. ലാളിത്യമെന്നാൽ വ്യക്തി ജീവിതത്തിലെ മിതത്വമാണെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ 30 വർഷമായി മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്തു പന്ഥി ആശ്രമത്തിൽ ശുശ്രൂഷ നിർവഹിക്കുന്ന ഫാ. മാത്യുവിന് അപ്രതീക്ഷിതമായിരുന്നു എപ്പിസ്‌കോപ്പ സ്ഥാനത്തേക്കുള്ള നിയോഗം. മല്ലപ്പള്ളിയിൽനിന്നും ആദ്യമായാണ് ഒരാൾ മാർത്തോമ്മാ സഭയുടെ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് എത്തുന്നത്. ക്രിസ്തുപന്ഥി ആശ്രമസ്ഥാപകൻ ഫാ. എം പി മാത്യു മല്ലപ്പള്ളി മാർത്തോമ്മാ പള്ളിയിൽ നടത്തിയ പ്രസംഗമാണ് ഇരുപത്തിയൊന്നാം വയസിൽ സന്യാസ ജീവിതം സ്വീകരിക്കാൻ ഫാ. മാത്യു കെ ചാണ്ടിയെ പ്രേരിപ്പിച്ചത്. അലക്സാണ്ടർ മാർത്തോമ്മാ ആത്മീയ ജീവിതത്തിന് വഴികാട്ടിയായി. ബോധപൂർവം വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ ഇടയ ശുശ്രൂഷ വെല്ലു വിളികൾ നിറഞ്ഞതാണ്. എല്ലാവരുമായി സമാധാനത്തിലായിരിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുകയെന്ന ബൈബിൾ വാക്യം ഏറെ സ്വാധീനിച്ചിട്ടുണ്ട്. വ്യത്യസ്തകൾ അംഗീകരിക്കുന്ന മാനവ സ്നേഹത്തിന് പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്ന പ്രതീക്ഷ നിയുക്ത ഇടയൻ പങ്കുവെക്കുന്നു. മല്ലപ്പള്ളി മുരണി കിഴക്കേ ചെറുപാലത്തിൽ പരേതരായ ബഹനാൻ ചാണ്ടിയുടെയും അന്നമ്മയുടെയും മകനായ ഫാ. മാത്യു കെ ചാണ്ടി ഒക്ടോബർ രണ്ടിന് റാന്നി ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ സന്യാസത്തിന്റെ പൂർണതയായ റമ്പാൻ സ്ഥാനം സ്വീകരിക്കും. ഡിസംബർ രണ്ടിനാണ് എപ്പിസ്കോപ്പാ സ്ഥാനാരോഹണം. ഈശോ മാർ തീമോത്തിയോസിനു ശേഷം ക്രിസ്തു പന്ഥി ആശ്രമത്തിൽ നിന്നും എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ആശ്രമാംഗമാണ് മല്ലപ്പള്ളിക്കാരനായ ഫാ. മാത്യു കെ ചാണ്ടി. Read on deshabhimani.com