കഞ്ചിക്കോട്ടുനിന്ന്‌ ബൈക്ക് മോഷ്ടിച്ച 2 പേർ പിടിയിൽ



  കഞ്ചിക്കോട് പ്രീകോട്ട് കോളനിയിൽനിന്ന്‌ ക്രിസ്മസ് തലേന്ന് ഹിമാലയൻ ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേരെ കസബ പൊലീസ് പിടികൂടി. മലപ്പുറം എടപ്പറ്റ പേഴംതറ മുഹമ്മദ് റോഷൻ (19), പ്രായപൂർത്തിയാകാത്ത സുഹൃത്ത്‌ എന്നിവരാണ്‌ പിടിയിലായത്. പ്രീകോട്ട് കോളനിയിലെ നന്ദുവിന്റെ ബൈക്കാണ് മോഷണം പോയത്. സ്കൂട്ടറിൽ മലപ്പുറത്തുനിന്ന്‌ വന്ന പ്രതികൾ ഫുട്ബോൾ മത്സരം കാണാനെന്ന്‌ പറഞ്ഞാണ്‌ വീട്ടിൽനിന്ന്‌ ഇറങ്ങിയത്‌.  മുമ്പ്‌ ബൈക്ക് വർക്ക്ഷോപ്പിൽ ജോലി ചെയ്തിരുന്ന റോഷൻ കഴിഞ്ഞ മാസം കൊണ്ടോട്ടിയിൽനിന്ന്‌ ഹിമാലയൻ ബൈക്ക് മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തി. സ്കൂട്ടറിൽ നമ്പർ പ്ലേറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ മറച്ചാണ് മോഷണം. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ്‌ ഇവരെക്കുറിച്ച്‌ സൂചന ലഭിച്ചത്‌. കൊണ്ടോട്ടി പൊലീസിന്റെ സഹായവും ഉണ്ടായി. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കസബ ഇൻസ്‌പെക്ടർ വി വിജയരാജന്റെ നേതൃത്വത്തിൽ എസ്ഐമാരായ എച്ച് ഹർഷാദ്, കെ പി വിപിൻരാജ്, റഹ്മാൻ, എഎസ്ഐമാരായ ഖാദർ ബാഷ, പ്രിയ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ആർ രാജീദ്, അപരീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. Read on deshabhimani.com

Related News