മലയാളത്തിന്റെ ജീവനും പ്രകാശവും പൊലിഞ്ഞു: എ കെ ബാലൻ
പാലക്കാട് മലയാളത്തിന്റെ ജീവനും പ്രകാശവുമാണ് പൊലിഞ്ഞതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. "ഞാനൊരു ശാസ്ത്രജ്ഞനല്ല, ചരിത്രകാരനല്ല, ഡോക്ടറല്ല. അതുകൊണ്ട് സമൂഹത്തെ കീറിമുറിച്ച് പോസ്റ്റുമോർട്ടം നടത്തി, സാമൂഹ്യപ്രശ്നങ്ങളുടെ കാരണം കണ്ടുപിടിക്കാൻ എനിക്കറിയില്ല. ഞാനൊരു എഴുത്തുകാരനാണ്. സമൂഹത്തിന്റെ താളംതെറ്റുമ്പോൾ, താളംതെറ്റിയിരിക്കുന്നു എന്ന് മുന്നറിയിപ്പ് നൽകും’’. ജ്ഞാനപീഠം കിട്ടിയ സന്ദർഭത്തിൽ എം ടി പറഞ്ഞത് ഓർക്കുന്നു. മലയാള സാഹിത്യത്തിന് ക്ലാസിക്കൽ പദവി നേടാനും തിരൂരിലെ തുഞ്ചൻ സ്മാരകത്തെ ഉയരങ്ങളിൽ എത്തിക്കാനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ നന്ദിയോടെ മാത്രമേ മലയാളികൾക്ക് ഓർക്കാൻ കഴിയൂ. എം ടിയുടെ ഈ പ്രവർത്തനങ്ങൾ വളരെ അടുത്തുനിന്ന് അറിയാൻ അവസരം കിട്ടിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും സാഹിത്യാസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എ കെ ബാലൻ പറഞ്ഞു. Read on deshabhimani.com