കരിങ്കരപ്പുള്ളിയിൽ 2 പേരെ കുഴിച്ചുമൂടിയ നിലയിൽ
സ്വന്തംലേഖകൻ പാലക്കാട് നെൽപ്പാടത്തിന് സമീപം രണ്ടുപേരുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ. കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി നഗറിൽ ചൊവ്വ വൈകിട്ട് മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ ടൗൺ സൗത്ത് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് രക്തം തളംകെട്ടിയതിന്റെ പാടുകളുണ്ട്. മൃതദേഹങ്ങൾ പുറത്തെടുത്താൽ മാത്രമേ ആരുടേതാണെന്ന് വ്യക്തമാകൂ. ബുധൻ രാവിലെ ഏഴിന് ആർഡിഒയുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ പുറത്തെടുക്കും. തുടർന്ന് ഇൻക്വസ്‌റ്റ് നടപടി പൂർത്തിയാക്കിയശേഷം പോസ്‌റ്റ്‌മോർട്ടം നടത്തും. വിരലടയാള വിദഗ്‌ധരും ഡ്വാഗ് സ്‌ക്വാഡും രാവിലെ എത്തും. കൊട്ടേക്കാട് സ്വദേശി ഷിജിത് (22), കാളാണ്ടിത്തറ സ്വദേശി സതീഷ് (22) എന്നിവരെയാണ് ഞായർ മുതൽ കാണാതായത്. അമ്പലപ്പറമ്പിനുസമീപം ഇവരെ കണ്ടതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു. തുടർന്നാണ് ഈ പ്രദേശത്ത് അന്വേഷണം നടത്തിയത്. ഇതിനിടെ പാടത്തിന് സമീപം മണ്ണിളകിക്കിടക്കുന്നതുകണ്ട് പരിശോധിച്ച നാട്ടുകാരാണ് മൃതദേഹം കണ്ടതും വിവരം പൊലീസിൽ അറിയിച്ചതും. രാത്രി ഏഴോടെ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സംഭവസ്ഥലം കെട്ടിയടച്ചു. പാടത്ത് സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റാണോ മരണമെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനുശേഷമേ സ്ഥിരീകരിക്കാനാകൂ എന്നും ഒരാളെ കസ്‌റ്റഡിയിലെടുത്തതായും എസ്‌പി പറഞ്ഞു. പ്രദേശത്ത് പൊലീസ് കാവലേർപ്പെടുത്തി. എ പ്രഭാകരൻ എംഎൽഎ സ്ഥലം സന്ദർശിച്ചു. Read on deshabhimani.com