ചിറ്റൂരിലെ കോണ്‍ഗ്രസ് പിടിക്കാന്‍ പുതിയ ഗ്രൂപ്പ്
പാലക്കാട് മണ്ഡലം പ്രസിഡന്റ് സ്ഥാനം കിട്ടിയില്ലെങ്കിലും ചിറ്റൂരിലെ കോണ്‍ഗ്രസ് പിടിക്കാൻ പുതിയ ഗ്രൂപ്പിന്റെ നീക്കം. മുൻ ഡിസിസി പ്രസിഡന്റ് പി ബാലചന്ദ്രൻ, കെ സി പ്രീത്, ആർ പ്രാണേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മൂവർ സംഘമാണ് സുമേഷ് അച്യുതൻ പക്ഷത്തെ വെട്ടാൻ നീക്കങ്ങൾ സജീവമാക്കിയത്. ഇവർക്ക് വി കെ ശ്രീകണ്ഠൻ എംപിയുടെ പിന്തുണയുമുണ്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അച്യുതൻ പക്ഷത്തിന്റെ മേധാവിത്വം ഇല്ലാതാക്കാനാണ് ശ്രമം. ഇതിനായി ചിറ്റൂരിലെ അച്യുതൻ വിരുദ്ധരെ ഒന്നിപ്പിക്കാനുള്ള നീക്കമാരംഭിച്ചു. പൊൽപ്പുള്ളി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായ പ്രാണേഷിനെ മണ്ഡലം പ്രസിഡന്റാക്കാൻ ബാലചന്ദ്രനും പ്രീതും വി കെ ശ്രീകണ്ഠനും ചേർന്ന് ശ്രമിച്ചു. എന്നാൽ പ്രാദേശിക നേതാക്കളുടെ എതിർപ്പിൽ നീക്കം പരാജയപ്പെട്ടു. സുമേഷ് അച്യുതന്റെ വിശ്വസ്തനായ അബ്ദുൾ കലാം പ്രസിഡന്റായി. ഈ തീരുമാനത്തിനെതിരെ വിമതസംഘം പ്രവർത്തകരെ ഡിസിസി ഓഫീസിലെത്തിച്ച് പ്രതിഷേധിച്ചു. സാമ്പത്തിക ആരോപണങ്ങളാണ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതിൽ പ്രാണേഷിന് തിരിച്ചടിയായത്. പുതിയ ഗ്രൂപ്പിന്റെ നീക്കത്തിന് വി കെ ശ്രീകണ്ഠൻ പിന്തുണ നൽകുന്നതിൽ അച്യുതൻപക്ഷത്തിന് കടുത്ത അമർഷമുണ്ട്. ലോക്‍സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. Read on deshabhimani.com