ഒന്നാംവിള സംഭരണത്തിന്‌ 
രജിസ്‌റ്റർ ചെയ്‌തത്‌ 26,750 കർഷകർ



പാലക്കാട്‌ ഒന്നാംവിള നെല്ല്‌ സംഭരണത്തിന്‌ ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തത്‌ 26,750 കർഷകർ. രജിസ്‌ട്രേഷൻ തുടങ്ങി ഒന്നര മാസം പിന്നിട്ടിട്ടും കഴിഞ്ഞ തവണത്തേക്കാൾ രജിസ്‌ട്രേഷനിൽ വൻ കുറവുണ്ടായി. ഒക്ടോബർ 31 വരെ സമയമുള്ളതിനാൽ കൂടുതൽ കർഷകർ ഇനിയും വന്നേക്കുമെന്നാണ്‌ പ്രതീക്ഷ.  കഴിഞ്ഞ ഒന്നാംവിളയ്‌ക്ക്‌ 46,139 കർഷകർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ആഗസ്‌ത്‌ ആദ്യവാരമാണ്‌ രജിസ്‌ട്രേഷൻ ആരംഭിച്ചത്‌.  കർഷകർ സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടൽ ആയ www.supplyco paddy.in എന്ന വെബ്സൈറ്റ് സന്ദർശിച്ച്  രജിസ്‌ട്രേഷൻ നടത്തണം. സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും  വെബ്‌സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞ രണ്ടാംവിളയ്‌ക്ക്‌ 68,764 കർഷകർ രജിസ്റ്റർ ചെയ്‌തിരുന്നു. എന്നാൽ നെല്ല്‌ സംഭരിച്ച തുക ലഭിക്കുന്നതിലുണ്ടായ വലിയ കാലതാമസമാണ്‌  ഇത്തവണ രജിസ്‌റ്റർ ചെയ്യാനുള്ള വിമുഖതയ്‌ക്ക്‌ കാരണം. പുറമേ സ്വകാര്യ മില്ലുകൾക്ക്‌ നെല്ലളന്നാൽ തുക ഉടൻ ലഭിക്കും. എന്നാൽ കർഷകരുടെ അവസ്ഥ മനസിലാക്കി സപ്ലൈക്കോയേക്കാൾ ഏറെ വില താഴ്‌ത്തിയാണ് മില്ലുകാർ നെല്ലെടുക്കുന്നത്‌. ചുവന്ന മട്ടയ്‌ക്ക്‌ മാത്രമാണ്‌ നല്ല  വില ലഭിക്കുന്നത്‌. ഒരു കിലോ നെല്ലിന്‌ സപ്ലൈകോ 28.40 രൂപ കർഷകർക്ക്‌ നൽകുമ്പോൾ സ്വകാര്യമില്ലുകാർ 23–-25 രൂപയ്‌ക്കാണ്‌ നെല്ലെടുക്കുന്നത്‌.  രണ്ടാംവിള നെല്ല്‌ സംഭരണ തുക വിതരണം ഇനിയും പൂർത്തിയായിട്ടില്ല.പിആർഎസ്‌ വായ്‌പ ആയതിനാലും കേരള ബാങ്കിൽനിന്ന്‌ മാറി മറ്റ്‌ ബാങ്കുകളിൽ അക്കൗണ്ട്‌ തുടങ്ങാനുള്ള ബുദ്ധിമുട്ടും കാരണം നിരവധി കർഷകർ ഇനിയും തുകയ്‌ക്കായി ബാങ്കുകളെ സമീപിച്ചിട്ടില്ല. Read on deshabhimani.com

Related News