‘പൊന്നുപോലൊരു വെള്ളി’



പാലക്കാട്‌ നാടിന്‌ അഭിമാനമായി ശങ്കു നേടിയത്‌ പത്തരമാറ്റിന്റെ പൊന്നിൻവെള്ളിതന്നെയെന്ന്‌ അമ്മ കെ എസ് ബിജിമോൾ. ഒളിമ്പിക്‌സ്‌ ലക്ഷ്യത്തിലേക്കുള്ള മകന്റെ കുതിപ്പിന്‌ കരുത്തേകുന്നതാണ്‌ ചൈനയിലെ ഹാങ് എഷ്യൻ ഗെയിംസിലെ ലോങ്ജമ്പ് മത്സരത്തിലെ വെള്ളിമെഡലെന്ന്‌ പാലക്കാട് വെസ്റ്റ് യാക്കരയിലെ വീട്ടിലെ ആഹ്ലാദനിമിഷത്തിൽ ബിജിമോൾ പങ്കുവച്ചു. മകളുടെ പഠനം മുടങ്ങുമെന്നതിനാലാണ്‌ മത്സരം കാണാൻ പോകാതിരുന്നത്‌. എന്നാൽ, വിജയിയായശേഷം മൊബൈൽ ഫോണിൽ മകന്റെ സന്തോഷത്തിന്റെ ചിരിക്കിലുക്കം നേരിൽക്കണ്ടു. ശ്രീശങ്കറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആ നിമിഷത്തിൽ ഒപ്പം ചേർന്നു.    ഞായർ വൈകിട്ട് 4.50ന് മത്സരാരംഭം മുതൽ സമ്മർദത്തോടെയും പ്രാർഥനയോടെയുമാണ്‌ മകന്റെ വിജയത്തിനായി അമ്മയും സഹോദരി ശ്രീപാർവതിയും കാത്തിരുന്നത്‌. ഫൈനലിൽ ശ്രീശങ്കറിന്റെ ആദ്യ അവസരം ഫൗളായി. ഇതോടെ നിരാശയായി. രണ്ടാം അവസരത്തിൽ 7.87 മീറ്റർ ചാടി നാലാംസ്ഥാനത്ത് എത്തിയതോടെ വീണ്ടും പ്രതീക്ഷ. ‘തിരിച്ചുവരും അവൻ’ എന്ന കൂട്ടുകാരുടെ ആത്മവിശ്വാസം ഉറപ്പിക്കുന്നതായിരുന്നു പിന്നീടുള്ള കുതിപ്പ്‌. 8.01 മീറ്ററായിരുന്നു മൂന്നാംചാട്ടം. 12 പേരെ മറികടന്ന്‌ രണ്ടാംസ്ഥാനത്തെത്തിയതോടെ കുടുംബാംഗങ്ങളുടെ മുഖത്ത്‌ മെഡൽ ചിരി വിടർന്നു.  നാലാമത്തെ അവസരത്തിൽ (8.19 മീറ്റർ) വെള്ളിയുറപ്പിച്ചു. അഞ്ചാംചാട്ടം ഫൗളായി. അവസാന അവസരത്തിൽ എട്ടുമീറ്റർ ചാടാനേ കഴിഞ്ഞുള്ളൂ. ചൈനയുടെ വാങ് ജിയാനൻ ആണ്‌ 8.92 മീറ്റർ ചാടി സ്വർണം നേടിയത്‌. Read on deshabhimani.com

Related News