സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ ഇന്ന്‌ പതാക ഉയരും

ജനാധിപത്യ മഹിളാ അസോസിയേഷൻ താനൂർ ഏരിയാ കമ്മിറ്റി അവതരിപ്പിച്ച മെഗാ ഒപ്പന


താനൂർ സിപിഐ എം 24–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള മലപ്പുറം ജില്ലാ സമ്മേളനത്തിന്‌ ചൊവ്വാഴ്‌ച പതാക ഉയരും. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയും കൊടിമരവും സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള ദീപശിഖയും  ചൊവ്വാഴ്‌ച അത്‌ലറ്റുകൾ ജാഥയായികൊണ്ടുവരും. മൂന്ന്‌ ജാഥകളും വൈകിട്ട്‌ ആറിന്‌ പൊതുസമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറിൽ (ചീരാൻ കടപ്പുറം) സംഗമിക്കും. സ്വാഗതസംഘം ചെയർമാൻ മന്ത്രി വി അബ്ദുറഹ്മാൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ദീർഘകാലം പാർടി താനൂർ ഏരിയാ സെക്രട്ടറിയായിരുന്ന ഇ ഗോവിന്ദന്റെ വസതിയിൽനിന്നാണ്‌ ദീപശിഖാ ജാഥ പുറപ്പെടുക. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശശികുമാറാണ് ക്യാപ്‌റ്റൻ. സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു റിലേ ഉദ്ഘാടനംചെയ്യും. ഇ കെ ഇമ്പിച്ചിബാവയുടെ വീട്ടിൽനിന്നാണ് പതാക ജാഥ ആരംഭിക്കുക. ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. പി കെ ഖലിമുദ്ദീനാണ് ജാഥാ ക്യാപ്‌റ്റൻ.  സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ ഉദ്ഘാടനംചെയ്യും. ദീർഘകാലം തിരൂരങ്ങാടി ഏരിയാ സെക്രട്ടറിയായിരുന്ന പി പരമേശ്വരൻ എമ്പ്രാന്തിരിയുടെ വസതിയിൽനിന്നാണ് കൊടിമരജാഥ ആരംഭിക്കുക. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി സക്കറിയയാണ് ജാഥാ ക്യാപ്റ്റൻ. സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ ഉദ്ഘാടനംചെയ്യും. ബുധനാഴ്‌ച രാവിലെ 9.30ന്‌ കോടിയേരി ബാലകൃഷ്ണ‌ൻ നഗറിൽ (മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം) മുതിർന്ന നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി പതാക ഉയർത്തും.  രാവിലെ 10ന്‌  പ്രതിനിധി സമ്മേളനം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും. വെള്ളിയാഴ്‌ച സമ്മേളനത്തിന്‌ സമാപനംകുറിച്ച്‌ റെഡ്‌ വളന്റിയർ മാർച്ചും പ്രകടനവും നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.   മെഗാ ഒപ്പന താനൂർ സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മെഗാ ഒപ്പന അരങ്ങേറി. അഖിലേന്ത്യാ മഹിളാ അസോസിയേഷൻ താനൂർ ഏരിയാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു ഒപ്പന. താനൂർ ജങ്ഷനിലെ ഇ കെ ഇമ്പിച്ചിബാവ–-ഇ ഗോവിന്ദൻ നഗറിൽ നടന്ന ഒപ്പനയിൽ നൂറുകണക്കിന് യുവതികൾ ചുവടുവച്ചു. കെപിഎസി അവതരിപ്പിച്ച തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ നാടകം അരങ്ങേറി.   Read on deshabhimani.com

Related News