റോഡിൽ പരിധി ലംഘിച്ചാൽ പണികിട്ടും
മലപ്പുറം പുതുവത്സരാഘോഷക്കൊഴുപ്പിൽ മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രത. എട്ടിന്റെ പണി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ആഘോഷക്കാലത്ത് അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ മുന്നിൽക്കണ്ട് പൊലീസുമായി സഹകരിച്ച് വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. പുതുവത്സര രാത്രികളിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാകും. ആഘോഷത്തിമിർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാനുള്ള സാധ്യത പരിഗണിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജില്ലയിലെ പ്രധാന അപകടമേഖലകൾ, ദേശീയ–-സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡ്, വിനോദകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുക. പൊലീസിനുപുറമെ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്‌മെന്റ് വിഭാഗവും മലപ്പുറം ആർടിഒ ഓഫീസ്, തിരൂരങ്ങാടി, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രാത്രികാല പരിശോധന ശക്തമാക്കും. മദ്യപിച്ചുള്ള ഡ്രൈവിങ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗം, രണ്ടിലേറെയാളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് പിഴയ്ക്കുപുറമെ ലൈസൻസ് റദ്ദുചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. രൂപമാറ്റംവരുത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്നരീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ ആർടിഒ ബി ഷഫീഖ് പറഞ്ഞു. Read on deshabhimani.com