സിപിഐ എം ജില്ലാ സമ്മേളനം 
ജനുവരി 1, 2, 3 തീയതികളിൽ താനൂരിൽ

താനൂരിൽ നടന്ന മാധ്യമ സെമിനാർ എം വി നികേഷ് കുമാർ ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം  സിപിഐ എം 24–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള മലപ്പുറം ജില്ലാ സമ്മേളനം ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ താനൂരിൽ നടക്കുമെന്ന്‌ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനുവരി ഒന്നിന്‌ രാവിലെ 10ന്‌ കോടിയേരി ബാലകൃഷ്ണ‌ൻ നഗറിൽ (മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു, എം സ്വരാജ്‌, പി എ മുഹമ്മദ്‌ റിയാസ്‌ എന്നിവർ പങ്കെടുക്കും. ജനുവരി മൂന്നിന്‌ സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ റെഡ്‌ വളന്റിയർ മാർച്ചും പ്രകടനവും നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.  18 ഏരിയാ കമ്മിറ്റികളെ പ്രതിനിധീകരിച്ച്‌ 332 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 38 ജില്ലാ കമ്മിറ്റി അംഗങ്ങളും  പങ്കെടുക്കും. പ്രതിനിധി സമ്മേള നഗറിൽ രാവിലെ 9.30ന്‌ മുതിർന്ന നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി പതാക ഉയർത്തും. ജനുവരി ഒന്നിന്‌ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. തുടർന്ന്‌ ഗ്രൂപ്പ്‌ ചർച്ചയും വൈകിട്ട്‌ പൊതുചർച്ചയും നടക്കും. രണ്ടാം ദിനം പൊതുചർച്ച തുടരും. തുടർന്ന്‌ ചർച്ചക്കുള്ള മറുപടി. മൂന്നാം ദിനം ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരണം, സംസ്ഥാന സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കൽ, ജില്ലാ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കൽ എന്നിവ നടക്കും. വൈകിട്ട്‌ നാലിന്‌ താനൂർ ഹാർബർ പരിസരത്തുനിന്ന് ചുവപ്പ്‌ വളന്റിയർ മാർച്ചും താനൂർ പഴയ ബസ്‌ സ്‌റ്റാൻഡിൽനിന്ന്‌ പൊതു പ്രകടനവും ആരംഭിക്കും. വൈകിട്ട്‌ 5.30ന്‌ സീതാറാം യെച്ചൂരി നഗറിൽ (ചീരാൻകടപ്പുറം)ആണ്‌ പൊതുസമ്മേളനം.  പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയും കൊടിമരവും സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള ദീപശിഖയും 31ന്‌ അത്‌ലറ്റുകൾ ജാഥയായികൊണ്ടുവരും. ദീർഘകാലം പാർടി താനൂർ ഏരിയാ സെക്രട്ടറിയായിരുന്ന ഇ ഗോവിന്ദന്റെ വസതിയിൽനിന്നാണ്‌ ദീപശിഖ ജാഥ പുറപ്പെടുക. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശശികുമാറാണ് ക്യാപ്‌റ്റൻ. സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു റിലേ ഉദ്ഘാടനംചെയ്യും. ഇ കെ ഇമ്പിച്ചിബാവയുടെ വീട്ടിൽനിന്നാണ് പതാക ജാഥ ആരംഭിക്കുക. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഖലിമുദ്ദീനാണ് ജാഥാ ക്യാപ്‌റ്റൻ. സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ ഉദ്ഘാടനംചെയ്യും. ദീർഘകാലം തിരൂരങ്ങാടി ഏരിയാ സെക്രട്ടറിയായിരുന്ന പി പരമേശ്വരൻ എമ്പ്രാന്തിരിയുടെ വസതിയിൽനിന്നാണ് കൊടിമരജാഥ ആരംഭിക്കുക.  ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി സക്കറിയയാണ് ജാഥാ ക്യാപ്റ്റൻ. സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ ഉദ്ഘാടനംചെയ്യും. മൂന്ന്‌ ജാഥകളും വൈകിട്ട്‌ ആറിന്‌ പൊതുസമ്മേളന നഗരിയിൽ സംഗമിക്കും. സ്വാഗതസംഘം ചെയർമാൻ മന്ത്രി വി അബ്ദുറഹ്‌മാൻ പതാക ഉയർത്തും.   വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ വി പി അനിൽ, വി ശശികുമാർ, ഇ ജയൻ, പി കെ അബ്ദുള്ള നവാസ്‌ എന്നിവർ പങ്കെടുത്തു.   മാധ്യമ ധാർമികത ചർച്ചചെയ്‌ത്‌ സെമിനാർ താനൂർ 2014ൽ നരേന്ദ്ര മോദി അധികാരത്തിൽ കയറിയതിനുശേഷം സർക്കാരിനെ നിലനിർത്തുന്നതിനായി മാധ്യമങ്ങളെ ഉപയോഗിച്ചുതുടങ്ങിയതായി മുതിർന്ന മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാർ. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി താനൂരിൽ നടന്ന ‘മാധ്യമ ധാർമികത’ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്എസുമായി ബന്ധം സ്ഥാപിച്ച അംബാനി –-അദാനിമാർ നേരിട്ട് രാഷ്ട്രീയ പ്രവർത്തനത്തിൽ ഇടപെടുന്നതിനായി പരമാവധി മാധ്യമങ്ങളെ ഏറ്റെടുത്തിട്ടുണ്ടെന്നും എം വി നികേഷ് കുമാർ പറഞ്ഞു. ക്രിമിനൽ കേസുകളിൽ പ്രതികളായവർ ചാനൽ ചർച്ചകളിലെ എഡിറ്റോറിയൽ സംഘത്തിൽ വന്നിരിക്കുന്നത് എന്ത് മാധ്യമ ധാർമികതയാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് മാതൃഭൂമി തൃശൂർ യൂണിറ്റ് സീനിയർ റിപ്പോർട്ടർ ഒ രാധിക അഭിപ്രായപ്പെട്ടു. മനുഷ്യന്റെ സ്വകാര്യതയിലേക്ക് നോക്കുകയും വിൽക്കുകയും അത്‌ ആഘോഷിക്കുകയും ചെയ്യുന്ന വൃത്തികെട്ടതരം മാധ്യമപ്രവർത്തനമാണ് വലതുപക്ഷ മാധ്യമങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി വി ജീജോ പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ ശിവദാസൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റിയംഗം കെ ടി ശശി സ്വാഗതവും ദേശാഭിമാനി ഏരിയാ ലേഖകൻ മനു വിശ്വനാഥ് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News