ലാഭത്തിലേക്ക് ചുവടുവച്ച് മുണ്ടേരി ഫാം
കാട്ടാനകളോടും കാട്ടുമൃഗങ്ങളോടും പടവെട്ടി മണ്ണിൽ പൊന്നുവിളയിച്ച ചരിത്രമാണ് മലയോരത്തെ കർഷകരുടേത്. അവർക്ക് കൃഷിക്ക് ആവശ്യമായ വിത്ത് ഉൽപ്പാദിപ്പിക്കാൻ 1979ൽ സംസ്ഥാന സർക്കാർ മുണ്ടേരിയിൽ കൃഷി ഫാം തുടങ്ങി. അമ്പതാം വർഷത്തിലേക്ക് കടക്കുന്ന ഫാമിന്റെ ചരിത്രം അതിജീവനത്തിന്റേതാണ്. അതേക്കുറിച്ച് വായിക്കാം... എടക്കര മലയോര മേഖലയിൽ വിത്തെറിഞ്ഞ് പൊന്നുവിളയിച്ച ചരിത്രമാണ് കുടിയേറ്റ കർഷകരുടെത്. നിലമ്പൂർ കോവിലകത്തിന്റെ കൈവശമുണ്ടായിരുന്ന കാട് വെട്ടിത്തെളിച്ച് അവർ കന്നിമണ്ണിൽ വിത്തെറിഞ്ഞു. കാട്ടാനകളോടും കാട്ടുമൃഗങ്ങളോടും പടവെട്ടി അവർ പൊന്നുവിളയിച്ചു. അവർക്ക് കൃഷിക്ക് ആവശ്യമായ വിത്ത് ഉൽപ്പാദിപ്പിക്കാൻ 1979ൽ സംസ്ഥാന സർക്കാർ മുണ്ടേരിയിൽ കൃഷി ഫാം തുടങ്ങി. അമ്പതാം വർഷത്തിലേക്ക് കടക്കുന്ന ഫാം ഇന്ന് ഏഷ്യയിലെതന്നെ പ്രധാന കാർഷിക വിത്തുൽപ്പാദന കേന്ദ്രമാണ്. നഷ്ടങ്ങളുടെ കണക്കുകൾ പഴങ്കഥയാക്കി ലാഭത്തിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫാം. പോത്തുകല്ല് പഞ്ചായത്തിൽ ചാലിയാർ പുഴയുടെ തീരത്താണ് മുണ്ടേരി കൃഷി ഫാം സ്ഥിതിചെയ്യുന്നത്. ജില്ലയിലെ കിഴക്കൻ മലയോര കുടിയേറ്റ കർഷകരുടെ പ്രധാന കാർഷിക വിത്തുൽപ്പാദന കേന്ദ്രംകൂടിയാണിത്. സാഡു (സ്പെഷ്യൽ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് യൂണിറ്റ്) സ്കീമിൽ ഉൾപ്പെടുത്തി ലോക ബാങ്കിന്റെ സഹായത്തോടെയാണ് ഫാം സ്ഥാപിച്ചത്. വനം വകുപ്പ് കൃഷിവകുപ്പിന് വിട്ടുനൽകിയ 505. 29 ഹെക്ടർ നിക്ഷിപ്‌ത വനഭൂമിയിലാണ് ഫാം ആരംഭിച്ചത്. കൃഷിമന്ത്രിയായിരുന്ന കെ ആർ ഗൗരിയമ്മ ഫാമിൽ നേരിട്ടെത്തി സി കെ കെ പണിക്കരെ ഫാം ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചതോടെ ഫാം പ്രവർത്തനം തുടങ്ങി. രണ്ട് ഘട്ടങ്ങളിലായി 350 തൊഴിലാളികളെ നേരിട്ട് നിയമിച്ചു. ജീവനക്കാരും തൊഴിലാളികളും കഠിനപ്രയത്നത്തിൽ കാട് വെട്ടിത്തെളിച്ച് വിത്ത് മുളപ്പിച്ചു. ജോലിയുടെ കാഠിന്യം താങ്ങാനാവാതെ ചിലർ ജോലി ഉപേക്ഷിച്ചു. പ്രതിസന്ധികളെ തരണംചെയ്ത് ഫാം മുന്നേറിയതാണ് പിന്നീടുള്ള ചരിത്രം. കേരളത്തിലെ ഒരു കൃഷി ഫാമും ലാഭത്തിലല്ല. എന്നാൽ, മുണ്ടേരി ഫാമിനെ ലാഭത്തിലേക്ക് കൈപിടിച്ച് നടത്താനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ജീവനക്കാരും തൊഴിലാളികളും. സംസ്ഥാനത്ത് 1987-ൽ സാഡു പദ്ധതി നിർത്തലാക്കിയതോടെ മുണ്ടേരി വിത്ത് കൃഷിതോട്ടത്തിന്റെ പ്രവർത്തനം സംസ്ഥാന കൃഷി വകുപ്പിനുകീഴിലായി. (തുടരും) Read on deshabhimani.com