ദേശാഭിമാനി പ്രചാരണം വർധിപ്പിക്കണം: പാലോളി
തിരൂർ പാർടിക്കെതിരായ കടന്നാക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ദേശാഭിമാനിയുടെ പ്രചാരണം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. ദേശാഭിമാനി തിരൂർ ഏരിയയിലെ വാർഷിക വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർടിക്കെതിരെയും സർക്കാറിനെതിരെയും കടുത്ത അസത്യപ്രചാരണങ്ങളാണ് പത്രങ്ങളും ചാനലുകളും നടത്തുന്നത്. നമുക്കെതിരെ അതിസമർഥമായതരത്തിൽ ആക്രമണം നടത്തുമ്പോൾ നമ്മുടെ കൈയിലുള്ള ഏക ആയുധമാണ് ദേശാഭിമാനി.ആ ആയുധത്തിന്റെ മുനപൊട്ടിയാൽ പരുക്ക് വലുതായിരിക്കും. നമുക്കെതിരായ ആക്രമണത്തിന്റെ ഗൗരവം മനസ്സിലാക്കണം. ഇത് മുന്നിൽക്കണ്ട് ദേശാഭിമാനി പ്രചാരണം വർധിപ്പിക്കണമെന്നും പാലോളി പറഞ്ഞു. തിരൂർ ഏരിയയിലെ വിവിധ ബ്രാഞ്ചുകളിൽനിന്നായി 4853 പുതിയ വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി പാലോളിക്ക് കൈമാറി. സ. അച്ചുതൻ നമ്പൂതിരി സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗം കൂട്ടായി ബഷീർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ, ജില്ലാ കമ്മിറ്റി അംഗം എ ശിവദാസൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com