വേറിട്ട സ്‌മരണാഞ്ജലിയുമായി കോവൂർ ലൈബ്രറി
കോവൂർ കച്ചവടക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും വായിക്കാൻ കാലവും രണ്ടാമൂഴവും നാലുകെട്ടുമടക്കമുള്ള എം ടി കൃതികൾ. മഹാനായ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ സ്‌മരണ പുതുക്കി കോവൂർ ലൈബ്രറിയാണ് പുതുമയാർന്ന സ്‌മരണാഞ്ജലി ഒരുക്കിയത്. ഒരു തെരുവ്, എം ടി യെ വായിക്കുന്നു എന്ന പേരിൽ തിങ്കൾ രാവിലെയായിരുന്നു പരിപാടി. എം ടി ചിത്രങ്ങളും പുസ്‌തകങ്ങളുമായ സ്‌മരണയാത്രയും സംഘടിപ്പിച്ചു. കോവൂർ ബസാറിലെ നൂറോളം കടകളിലും കയറി എം ടിയുടെ രചനകൾ പരിചയപ്പെടുത്തുകയും പുസ്തകങ്ങൾ വായിക്കാനായി നൽകുകയും ചെയ്‌തു. വായനശാല വായനക്കാരിലേക്കെത്തുന്ന വേറിട്ട ഒരു അനുഭവമായി ഇത് മാറി. ജില്ലയിലെ എ ഗ്രേഡ് ലൈബ്രറിയായ കോവൂർ ലൈബ്രറി സമീപ വായനശാലകളിൽ നിന്ന് പുസ്‌തകങ്ങൾ സമാഹരിച്ചാണ് വേറിട്ട ഈ സ്‌മരണ സംഘടിപ്പിച്ചത്. കൗൺസിലർ ഇ എം സോമൻ കോവൂർ വേണുഗോപാല പണിക്കർക്ക് പുസ്‌തകം നൽകി ഉദ്‌ഘാടനംചെയ്‌തു. ടി പി ബഷീർ, കെ പി ഗിരീഷ്, നൂഞ്ഞിയിൽ അനിൽകുമാർ, ജമീല, എൻ പി സി അബൂബക്കർ, ഒ കുഞ്ഞിക്കണാരൻ, ഹബീഷ്, പ്രേമവല്ലി, നിഷ, ശോഭ, ഇ എം രാധാകൃഷ്‌ണൻ തുടങ്ങിയവർ പങ്കാളിയായി. വായനശാലാ ഹാളിലെ അനുസ്‌മരണ യോഗത്തിൽ ആർ ഷിജു സംസാരിച്ചു. Read on deshabhimani.com