പോഴിക്കാവ്‌ കുന്ന് മണ്ണെടുപ്പ്: 
മാനദണ്ഡങ്ങൾ പാലിച്ചില്ല

പോഴിക്കാവ് കുന്നിൽ ജിയോളജി വിഭാഗം പരിശോധന നടത്തുന്നു


ചേളന്നൂർ പോഴിക്കാവ്‌ കുന്നിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ്‌ മണ്ണെടുപ്പ്‌ നടത്തിയതെന്ന്‌ കണ്ടെത്തി. ജനകീയസമിതി പ്രതിനിധികൾ, അസി. ജിയോളിസ്റ്റ്, തഹസിൽദാർ പ്രേംലാൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. സംഘർഷത്തെ തുടർന്ന് ഡിവൈഎസ്‌പി വി വി ബെന്നി വിളിച്ചുചേർത്ത സർവകക്ഷി യോഗ തീരുമാന പ്രകാരം തിങ്കൾ മൂന്നരയോടെയാണ് സംഘം പരിശോധനക്കെത്തിയത്.  എന്തൊക്കെ സുരക്ഷാ മാനദണ്ഡങ്ങളാണ് നിർദേശിച്ചതെന്ന ജനകീയ സമിതിയുടെ പ്രതിനിധിയായ സെനിൻ റാഷിയുടെ ചോദ്യത്തിന്‌ വലതുഭാഗത്ത് സംരക്ഷണഭിത്തിയും മുകൾഭാഗത്ത് മണ്ണൊലിപ്പ് തടയാൻ ഭിത്തിയും നിർമിക്കുമെന്നായിരുന്നു കമ്പനി പ്രതിനിധിയും മുൻ എഡിഎമ്മുമായ ജനിൽ കുമാർ മറുപടി പറഞ്ഞത്‌. എന്നാൽ ഇത്‌ സ്ഥലം ഉടമയോ കമ്പനിയോ ആര് ചെയ്യുമെന്ന കാര്യത്തിൽ അദ്ദേഹത്തിന്‌ വ്യക്തതയുണ്ടായിരുന്നില്ല.  ഇതുസംബന്ധിച്ച് കരാർ എഴുതി നൽകാമെന്ന് കമ്പനി പ്രതിനിധി പറഞ്ഞെങ്കിലും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ മണ്ണെടുപ്പ് നടത്താൻ പറ്റില്ലെന്ന് ജനകീയ സമരസമിതി പ്രതിനിധികൾ പറഞ്ഞു. കാക്കൂർ എസ്ഐയെയും തഹസിൽദാരെയും നാട്ടുകാർ പ്രതിഷേധമറിയിച്ചത്‌ നേരിയ സംഘർഷാവസ്ഥയുണ്ടാക്കി. പ്രശ്നപരിഹാരത്തിന്‌ ശ്രമിക്കുമെന്നും ഇതുസംബന്ധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും തഹസിദാർ പ്രേംലാൽ പറഞ്ഞു. Read on deshabhimani.com

Related News