പോഴിക്കാവ് കുന്നിടിച്ച് മണ്ണെടുപ്പ്; സംഘർഷം തുടരുന്നു

ചേളന്നൂർ പോഴിക്കാവിൽ കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നു


ചേളന്നൂർ പോഴിക്കാവ് കുന്നിൽ അനധികൃത മണ്ണെടുപ്പിന് വീണ്ടും ശ്രമം. മണ്ണെടുപ്പ്‌ തടയാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനെയും ജനകീയ സമിതി പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിലും വ്യാപക പ്രതിഷേധം ഉയർന്നു. പോഴിക്കാവ് പ്രദേശത്തെ മണ്ണെടുപ്പിന് കലക്ടറും ജിയോളജി വിഭാഗവും അനുമതിനൽകിയെന്ന് പറഞ്ഞാണ്   പൊലീസ് സന്നാഹത്തിന്റെ സംരക്ഷണത്തിൽ   വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചത്. പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ളവരെ പൊലീസ് വിരട്ടിയോടിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്തതറിഞ്ഞ് ജനകീയ സമിതി പ്രവർത്തകരും ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി നൗഷീർ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി. പ്രതിഷേധിച്ച പഞ്ചായത്ത് പ്രസിഡന്റിനെയും പഞ്ചായത്ത് അംഗം പി സുരേഷ്, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം എ പി സിജീഷ്, ജനകീയ സമിതി പ്രവർത്തകരായ എം പി ശരത്ത്, പ്രേമരാജൻ, ഷീബ, പി ബബിത, എൻ ഗിരിജ, പി ശ്രീജ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്ത്‌ അംഗം ഇ എം പ്രകാശൻ, സിപിഐ എം ലോക്കൽ സെക്രട്ടറി സി പി ബിജു എന്നിവർ പൊലീസ് സ്റ്റേഷനിലെത്തി പ്രവർത്തകരുമായി സംസാരിച്ചു. എട്ട്‌ മാസമായി സ്വകാര്യ കമ്പനി ദേശീയപാത നിർമാണത്തിന്‌ സ്ഥലത്തുനിന്ന്‌ മണ്ണ് നീക്കുന്നുണ്ട്‌. ഈ സാഹചര്യത്തിൽ നാട്ടുകാരുമായി പ്രശ്‌നം നിലനിന്നിരുന്നില്ല. എന്നാൽ, തികച്ചും അശാസ്ത്രീയമായും നിയമം ലംഘിച്ചും മണ്ണെടുപ്പ് തുടർന്നപ്പോൾ പ്രതിഷേധമുണ്ടായി. ചോദ്യംചെയ്ത പ്രദേശത്തെ യുവാക്കളെ കള്ളക്കേസിൽ കുടുക്കി. തുടർന്ന്‌, സ്ത്രീകളടക്കമുള്ള ജനകീയ സമിതി പ്രവർത്തകർ മണ്ണ് കയറ്റിയ വാഹനങ്ങൾ തടഞ്ഞു. പ്രതിഷേധക്കാർ കലക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജിയോളജി വകുപ്പ്‌ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മണ്ണെടുപ്പിലെ അശാസ്ത്രീയതയും നിയമലംഘനവും കാണിച്ച്‌ റിപ്പോർട്ടും സമർപ്പിച്ചു. എന്നാൽ, സ്വകാര്യ കമ്പനി അശാസ്‌ത്രീയ രീതിയിലുള്ള മണ്ണെടുപ്പ്‌ തുടർന്നതാണ്‌ പ്രശ്‌നം രൂക്ഷമാക്കിയത്‌. ജനകീയ സമിതി നടത്തിയ ചർച്ചയെ തുടർന്ന് മണ്ണെടുപ്പ് തൽക്കാലികമായി  നിർത്തിവച്ചു. ജിയോളജി വകുപ്പ്‌ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച്‌ കാര്യങ്ങൾ പഠിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു. Read on deshabhimani.com

Related News