കായികമാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും



  കോഴിക്കോട്  മൂന്നുദിവസത്തെ സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സിന് ഞായറാഴ്ച തിരശ്ശീല വീഴും. വൈകിട്ട് മൂന്നിന്‌ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, വി അബ്ദുറഹിമാൻ തുടങ്ങിയവർ പങ്കെടുക്കും. 400 മീറ്റർ ഓട്ടം, 800 മീറ്റർ ഓട്ടം, റിലേ എന്നിവയുൾപ്പെടെ ഇരുനൂറോളം മത്സരങ്ങളും നടക്കും. രണ്ടാം ദിനത്തിൽ  60 ഇനങ്ങളിലായി അഞ്ച് വിഭാഗങ്ങളിലായി തൊള്ളായിരത്തോളം മത്സരങ്ങൾ നടന്നു. 4348 ഭിന്നശേഷി കായികതാരങ്ങൾ മേളയിൽ മാറ്റുരച്ചു. ഭിന്നശേഷിമേഖലയിൽ സമഗ്രസംഭാവനകൾ നൽകിയ പ്രമുഖരെയും നേട്ടങ്ങൾ കൈവരിച്ച ഭിന്നശേഷിക്കാരായ വ്യക്തികളെയും  ആദരിച്ചു. സ്പെഷ്യൽ ഒളിമ്പിക്സ് കേരളയും കോഴിക്കോട് നഗരസഭയും ചേർന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പിന്തുണയോടെയാണ് മേള സംഘടിപ്പിച്ചത്. നാദാപുരം എംഎൽഎ ഇ കെ വിജയൻ, കോഴിക്കോട് കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ദിവാകരൻ, അസി. കലക്ടർ ആയുഷ് ഗോയൽ, ടിഡിആർഎഫ് സ്ഥാപകൻ ഉമറലി ശിഹാബ് തുടങ്ങിയവർ രണ്ടാം ദിനം അതിഥികളായെത്തി താരങ്ങൾക്ക് മെഡലുകൾ സമ്മാനിച്ചു. യുഎൽസിസിഎസ് വി ആർ നായനാർ ബാലികാസദനത്തിലെ മുതിർന്ന ഭിന്നശേഷിക്കാരുടെ കലാപരിപാടികളോടെയാണ് രണ്ടാം ദിനം പരിപാടികൾ സമാപിച്ചത്. Read on deshabhimani.com

Related News