തുടികൊട്ടി ‘സര്‍ഗോത്സവം’



      മാനന്തവാടി ഗോത്രമണ്ണിൽ തനതുകലകളുടെ പെരുങ്കളിയാട്ടം. തുടികൊട്ടി ചീനി മുഴക്കി ഗജ്ജെ താളത്തിൽ പാടി വിദ്യാർഥികൾ.  ചിലങ്കയണിഞ്ഞ്‌ പരമ്പരാഗത  നൃത്തച്ചുവടുകളുമായി നർത്തകിമാർ.  മണ്ണിന്റെ മണമുള്ള പാരമ്പര്യ കലകളെ  നെഞ്ചോട്‌ ചേർക്കുകയാണിവർ. പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും പ്രീ മെട്രിക് ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാർഥികളുടെ സർഗവാസന പരിപോഷിപ്പിക്കാനുള്ള സംസ്ഥാനതല കലാമേള ‘സർഗോത്സവം’ മാനന്തവാടിയുടെ മനം കവരുന്നു. കലോത്സവത്തിന്റെ എട്ടാമത്‌ പതിപ്പിന്‌ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വെള്ളിയാഴ്‌ച  തുടക്കമായി. ഞായർ സമാപിക്കും.  രണ്ടുദിനം പിന്നിട്ടപ്പോൾ 93 പോയിന്റുമായി തിരുവനന്തപുരം കട്ടേല അബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളാണ്‌ മുന്നിൽ. 73 പോയിന്റുമായി ചാലക്കുടി എംആർഎസ്‌ രണ്ടാമതുണ്ട്‌.  കാസർകോട്‌ പരവനടുക്കം എംആർഎസ്‌ 72 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്‌.  മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും എം ടിയുടെയും നിര്യാണത്തെ തുടർന്ന്‌ ആഘോഷങ്ങൾ ഒഴിവാക്കിയാണ്‌ കലോത്സവം. ഘോഷയാത്രയും ഉദ്‌ഘാടന, സമാപന ചടങ്ങുകളും ഉപേക്ഷിച്ച്‌  മത്സരങ്ങൾ മാത്രമാക്കി. പ്രധാന വേദി ഗദ്ദികയിൽ ശനി  പരമ്പരാഗത ഗാനവും നൃത്തവുമായിരുന്നു. രാവിലെ ഒമ്പതിന്‌ തുടങ്ങിയ മത്സരം രാത്രി വൈകുവോളം നീണ്ടു. ഗാനത്തിലും നൃത്തത്തിലും 34 വീതം ടീമുകളാണ്‌ മത്സരിച്ചത്‌. നാടകം, ലളിതഗാനം, പ്രസംഗം എന്നീ മത്സരങ്ങളും പൂർത്തിയായി. സ്‌റ്റേജിതര മത്സരങ്ങളും കഴിഞ്ഞു. ഞായർ നാടോടി നൃത്തം, സംഘഗാനം, സംഘനൃത്തം എന്നിവ നടക്കും.  സംസ്ഥാനത്തെ 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും 118 പ്രീ–-- പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും ആയിരത്തറുനൂറിലധികം പ്രതിഭകളാണ്‌ സർഗോത്സവത്തിൽ മാറ്റുരയ്‌ക്കുന്നത്‌. Read on deshabhimani.com

Related News