സർക്കസ് ലഹരിയിലലിയാൻ നഗരം
കോഴിക്കോട് കോഴിക്കോട് നഗരത്തിൽ ഈ അവധിക്കാലം ആഘോഷമാക്കാൻ സർക്കസ് എത്തി. അപ്പോളോ സർക്കസ് സംഘമാണ് ബീച്ചിലെ മറൈൻ ഗ്രൗണ്ടിൽ തമ്പടിച്ചിട്ടുള്ളത്. ഒരുമാസം നഗരത്തിലുണ്ടാകും. മറൈൻ ഗ്രൗണ്ടിൽ ദിവസവും പകൽ ഒന്ന്, വൈകിട്ട് നാല്, രാത്രി ഏഴ് സമയങ്ങളിലാണ് പ്രദർശനം. സെക്കൻഡ് ക്ലാസ് 150രൂപ, ഫസ്റ്റ് ക്ലാസ് 200, ഡ്രസ് സർക്കിൾ 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മോട്ടോർ ബൈക്ക് അഭ്യാസം, ഏഴംഗ മണിപ്പുരി കലാകാരൻമാരുടെ കലാപ്രകടനം, ജിംനാസ്റ്റിക്സിലെ മെയ്‌വഴക്കം, സൂപ്പർ സൈക്കിൾ അഭ്യാസം, 40 അടി ഉയരത്തിൽ തൂങ്ങിക്കിടന്നുള്ള സാരി ബാലൻസ് ഷോ, ജഗ്ലിങ്ഷോ, ബഫൂൺ ഷോ എന്നിവയെല്ലാം സർക്കസിലുണ്ട്. 2 മണിക്കൂറിൽ 28 ഇനം അത്ഭുതക്കാഴ്ചകളാണ് അപ്പോളോ ഒരുക്കുന്നതെന്ന് ഉടമ സനിൽ ജോർജും മാനേജർ ഉമേഷും പറഞ്ഞു. ഫോൺ: 9633308233. Read on deshabhimani.com