ആയഞ്ചേരി പഞ്ചായത്ത് 
നഷ്ടപ്പെടുത്തിയത്‌ 1.60 കോടി



    വടകര ആയഞ്ചേരി പഞ്ചായത്ത് 2023–--24 സാമ്പത്തിക വർഷം സർക്കാരിൽനിന്ന് ലഭിച്ച വികസന, മെയിന്റനൻസ് ഫണ്ട് ഇനത്തിൽ 1,60,88,584 രൂപ വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയതായി ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി. പഞ്ചായത്തിന്റെ അനിവാര്യ ചുമതലയായ മാലിന്യസംസ്കരണവും താളംതെറ്റിയതായി റിപ്പോർട്ടിലുണ്ട്. എംസിഎഫ് കെട്ടിടമില്ല, ഖരമാലിന്യ പ്ലാൻ തയ്യാറാക്കിയില്ല, ഹരിത സേനാംഗങ്ങളുടെ ഒഴിവ് നികത്തിയില്ല, അജൈവ മാലിന്യം തരംതിരിച്ച് കയറ്റി അയയ്ക്കാൻ കഴിയാത്തതിനാൽ വർഷംതോറും ലക്ഷങ്ങളുടെ നഷ്ടമുണ്ടാവുന്നു, പഞ്ചായത്തിൽ ആയിരം വീടുകൾക്ക് മാത്രമാണ് ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നു. പൊതുമരാമത്ത് 3.52 കോടി രൂപ വകയിരുത്തി 82 പദ്ധതി തയ്യാറാക്കിയെങ്കിലും 57 ലക്ഷം രൂപയുടെ 12 പദ്ധതി മാത്രമാണ് നടപ്പാക്കിയത്. ചെലവ് 16 ശതമാനം. 19 അങ്കണവാടിയിൽ കുടിവെള്ള സൗകര്യമില്ല, ആറെണ്ണത്തിന് സ്വന്തമായി കെട്ടിടവുമില്ല. വനിതാ ഘടക പദ്ധതിക്കായി തയ്യാറാക്കിയ പദ്ധതികൾ ഒന്നും വനിതകൾക്ക് ഗുണം ചെയ്യുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.  പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ മിനുട്സ് യഥാസമയം തയ്യാറാക്കാത്തത്‌ ഉൾപ്പെടെ ഗുരുതരമായ ക്രമക്കേടും ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്തുവന്നു. പഞ്ചായത്തിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും ജനങ്ങൾ അറിയുന്നതിന് ഓഡിറ്റ് റിപ്പോർട്ട് ഗ്രാമസഭകളിൽ വായിക്കണമെന്ന് എൽഡിഎഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടു. വർഷംതോറും കോടികൾ നഷ്‌ടപ്പെടുത്തി ആയഞ്ചേരി പഞ്ചായത്തിന്റെ വികസനവും പുരോഗതിയും തകർത്ത യുഡിഎഫ് ഭരണസമിതി ജനങ്ങളോട് മാപ്പ് പറയണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി വി കുഞ്ഞിരാമൻ, അംഗങ്ങളായ സുധ സുരേഷ്, എൻ പി ശ്രീലന, പ്രബിത അണിയോത്ത്, പി രവീന്ദ്രൻ, ലിസ പുനയംകോട്ട് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News