100 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ



കോഴിക്കോട്  ഫറോക്ക് ഭാഗത്തേക്ക് വിൽപ്പനക്ക്‌ കൊണ്ടുവന്ന 100 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. ഫറോക്ക് സ്വദേശികളായ നല്ലൂർ കളത്തിൽതൊടി പി പ്രജോഷ് (44), ഫാറൂഖ് കോളേജ് ഓലശേരി ഹൗസിൽ കെ അഭിലാഷ് (26), കൊളത്തറ സ്വദേശി കണ്ണാടികുളം തിരുമുഖത്ത് പറമ്പ് പി ബിനീഷ്  (29)എന്നിവരാണ്‌ പിടിയിലായത്‌.  വിവാഹ പാർട്ടിയുടെ  ഫോട്ടോ ഷൂട്ട് കഴിഞ്ഞ്‌ മടങ്ങുകയാണെന്ന വ്യാജേനയാണ്‌ വാഹനത്തിൽ ലഹരി കടത്തുന്നത്‌. കൈ കാണിച്ചിട്ടും നിർത്താതെപോയ കാർ അരീക്കാട് ജങ്‌ഷനിൽ പൊലീസ് തടയുകയായിരുന്നു.  സ്റ്റേഷനിലെത്തിച്ച്‌ പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്തിയില്ല.  വിശദ  പരിശോധനയിൽ കാറിലെ   കാമറ ലൈറ്റ് സ്റ്റാൻഡിന്റെ പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ  100 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തെറ്റിദ്ധരിപ്പിക്കാനായി കാറിൽ കാമറ, ലൈറ്റുകൾ, വയർ, ലൈറ്റ് സ്റ്റാൻഡ്‌ എന്നിവയുണ്ടായിരുന്നു.   ബംഗളൂരുവിൽ നിന്നാണ് ഇവർ  ലഹരിവസ്‌തു കൊണ്ടുവന്നത്. ഇതിന്‌ വിപണിയിൽ  നാല്‌ ലക്ഷം രൂപവരും.  കോഴിക്കോട് ആന്റി നർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമീഷണർ ടി പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും നല്ലളം ഇൻസ്‌പെക്ടർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേർന്നാണ്‌ പിടിച്ചത്‌.   ഡൻസാഫ്  സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, എഎസ്‌ഐ അബ്ദുറഹിമാൻ, കെ അഖിലേഷ്, അനീഷ് മൂസേൻവീട്,  സുനോജ് കാരയിൽ, അർജുൻ അജിത്, നല്ലളം  സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ റിഷാദലി, രവീന്ദ്രൻ, ശ്രീനിവാസൻ, മനോജ്, ശശീന്ദ്രൻ, എഎസ്‌ഐ  ദിലീപ്, സിപിഒ അരുൺ ഘോഷ് എന്നിവർ  സംഘത്തിലുണ്ടായി.   Read on deshabhimani.com

Related News