നാടിനായി വിദ്യാർഥികൾ പദ്ധതി ഒരുക്കും
കോഴിക്കോട് വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ ആർജിച്ച നൈപുണികൾ സമൂഹവുമായി പങ്കുവയ്‌ക്കാൻ ‘സ്‌കിൽ ഷെയർ’ പദ്ധതിയുമായി എസ്എസ്‌കെ. പഠിക്കുന്ന തൊഴിൽ നൈപുണിയുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കുന്ന പ്രോജക്‌ടുകൾ ധനസഹായം നൽകി നടപ്പാക്കുന്നതാണ് പദ്ധതി. ജില്ലയിൽ മികച്ച അഞ്ച് പ്രോജക്‌ടുകൾക്കാണ് ധനസഹായം. പഠനത്തിന്റെ ഭാഗമായി നേടുന്ന അറിവും ശേഷിയും പ്രയോഗവൽക്കരിക്കുകയും സമൂഹത്തിന് ആവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം. പ്രോജക്ടുകളുടെ ജില്ലാതല അവതരണം 29ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. പിടിഎ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് കുട്ടികൾ പ്രോജക്ടുകൾ തയ്യാറാക്കിയത്. പ്രാദേശിക സവിശേഷതകൾകൂടി പരിഗണിച്ചാണ് ഇവ ഒരുക്കിയത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്‌കൂളിന് പരമാവധി 50,000 രൂപയാണ് ധനസഹായം. മൂന്ന് മാസമായിരിക്കും പ്രോജക്ടിന്റെ കാലാവധിയെന്നും എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൾഹക്കീം പറഞ്ഞു. Read on deshabhimani.com