വന്ദേഭാരതിന് സ്വീകരണം നൽകി
കോഴിക്കോട് കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസിന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വീകരണം നൽകി. കാസർകോട് ഉദ്‌ഘാടനംചെയ്‌ത ട്രെയിൻ വൈകിട്ട് 3.20നാണ് സ്‌റ്റേഷനിൽ മൂന്നാം പ്ലാറ്റ്‌ഫോമിൽ എത്തിയത്. സ്വീകരിക്കാൻ എം കെ രാഘവൻ എംപി, മേയർ ബീന ഫിലിപ്പ് തുടങ്ങിയവരും എത്തി. വാദ്യമേളങ്ങളുണ്ടായി. ലോക്കോ പൈലറ്റിന് ബൊക്കെ, ഷാൾ തുടങ്ങിയവ നൽകിയാണ് സ്വീകരിച്ചത്. ട്രാക്കിൽ പുഷ്‌പവൃഷ്‌ടിയും നടത്തി. വൈകിട്ട് 3.25ന് ട്രെയിൻ സ്‌റ്റേഷൻ വിട്ടു. 3.08ന് എത്തുമെന്നാണ് റെയിൽവേ അറിയിച്ചിരുന്നത്. എന്നാൽ 15 മിനിറ്റിലേറെ വൈകി. അതേസമയം വന്ദേഭാരത് ഉദ്‌ഘാടന സർവീസ് മറ്റ് യാത്രാ ട്രെയിനുകളെ ബാധിച്ചു. കൃത്യസമയത്ത് ഓടാറുള്ള കണ്ണൂർ–- എറണാകുളം ഇന്റർസിറ്റി ഒരു മണിക്കൂറോളമാണ് വൈകിയത്. വൈകിട്ട് 4.07ന് കോഴിക്കോട്ട് എത്തേണ്ട വണ്ടി 5.02നാണ് എത്തിയത്. രണ്ടാം വന്ദേഭാരതിന്റെ തിരുവനന്തപുരത്തുനിന്നുള്ള റെഗുലർ സർവീസ് ചൊവ്വയും കാസർകോട്ടുനിന്നുള്ള സർവീസ് ബുധനുമാണ് ആരംഭിക്കുക. Read on deshabhimani.com